സ്വന്തം ലേഖകന്‍: ഇസ്താംബുള്‍ നിശാക്ലബ്ബ് ആക്രമണം, മുഖ്യപ്രതി പിടിയില്‍. പുതുവത്സരാഘോഷത്തിനിടെ നിശാക്ലബില്‍ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അബ്ദുള്‍ഖാദിര്‍ മഷ്‌റിപ്പോവ് പിടിയിലായതായി തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എസന്‍യര്‍ട്ട് ജില്ലയില്‍നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയതെന്നും ഹുറിയത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ പോലീസ് പിടികൂടിയതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
പുതുവത്സരാഘോഷത്തിനിടെ നിശാക്ലബില്‍ സാന്താക്ലോസിന്റ വേഷത്തിലെത്തിയ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്. 40ഓളം പേര്‍ക്ക് പരിക്കേറ്റു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ രണ്ടു പേര്‍ ക്ലബില്‍ കയറിയ ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ട് ഇന്ത്യക്കാരും വെടിവെപ്പില്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. മുന്‍ രാജ്യസഭാ എം.പി യുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്തില്‍ നിന്നുള്ള ഖുഷി ഷാ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണ സമയത്ത് ക്ലബ്ബില്‍ നൂറുകണക്കിനു പേര്‍ ഉണ്ടായിരുന്നു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല