സ്വന്തം ലേഖകൻ: ഇറ്റലിയിൽ ഒരു കാപ്പിയ്ക്ക് വെറും 70 സെൻ്റ്! പക്ഷേ കപ്പും പഞ്ചസാരയും സ്പൂണും കൊണ്ടുവന്നാൽ മാത്രം കുടിക്കാം! സാധാരണ 1.20 യൂറോ മുതൽ 1.50 യൂറോവരെ ഒരു കഫേയ്ക്ക് വിലയുള്ളപ്പോഴാണ് വെറും 70 സെന്റിന് കഫേ നൽകുന്നു എന്ന അറിയിപ്പ് നാട്ടുകാരിൽ കൗതുകമുണർത്തിയത്. ബോർഡിലെ ബാക്കി വിവരങ്ങൾകൂടി വായിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. 70 സെന്റിന് കഫേ ലഭിക്കണമെങ്കിൽ കപ്പും പഞ്ചസാരയും സ്പൂണും ഉപഭോക്താവ് വീട്ടിൽനിന്നു കൊണ്ടുവരണമത്രേ.
ഇറ്റലിയിൽ വടക്കൻ ലിഗൂറിയ മേഖലയിലെ മില്ലെസിമോ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ‘ല ബൊത്തേഗ ദെൽ കഫേ’ യാണ് 70 സെന്റിന് ഒരു കഫേ എസ്പ്രസ്സോ നൽകി വാർത്തയിൽ ഇടംപിടിച്ചത്. ദേശീയ മാധ്യമങ്ങൾ വരെ ഇതു വാർത്തയാക്കി. സാധാരണ റസ്റ്ററന്റുകളിലും ബാറുകളിലും കഫേ ഓർഡർ ചെയ്താൽ, ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഫേയോടൊപ്പം പഞ്ചസാര പ്രത്യേകം ലഭ്യമാക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന കഫേയ്ക്ക് 1.50 യൂറോവരെ ഈടാക്കാറുണ്ട്.
എന്നാൽ ‘ല ബൊത്തേഗ ദെൽ കഫേ’യിൽ 70 സെന്റിന് കഫേ ലഭിക്കാൻ കപ്പ്, പഞ്ചസാര, സ്പൂൺ എന്നിവ ഓർഡർ ചെയ്യുന്നയാൾ കൊണ്ടുചെല്ലണം. എന്തായാലും സംഭവം വൈറലായതോടെ നിരവധിയാളുകൾ കപ്പും പഞ്ചസാരയുമായി കഫേയ്ക്ക് എത്തുന്നുണ്ടെന്നാണ് കടയുടമ എലിയോ വെൻചുറിനോ പറയുന്നത്.
അടുത്തിടെ ഒരു കടയിൽ, ഓർഡർ ചെയ്ത സാൻഡ്വിച്ച് രണ്ടായി മുറിച്ചുനൽകുന്നതിന് ഉപഭോക്താക്കളോട് രണ്ടു യൂറോ അധികമായി ഈടാക്കിയ സംഭവം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കപ്പും പഞ്ചസാരയുമായി വരുന്നവർക്ക് പകുതിവിലയ്ക്ക് കഫേ നൽകുന്ന ആശയം അവതരിപ്പിച്ചതെന്ന് ഉടമ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല