സ്വന്തം ലേഖകൻ: ഇറ്റലിയിലെ കമോറ കുറ്റവാളിസംഘത്തിന്റെ ആദ്യ വനിതാനേതാവും മുന്‍ സൗന്ദര്യറാണിയുമായ അസ്സുന്ത മരെസ്‌ക തന്റെ 86-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞതോടെ ‘ദിവ ഓഫ് ക്രൈം’ എന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച മരെസ്‌കയുടെ പഴയകാല കഥകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു അസ്സുന്ത മരെസ്‌കയുടെ ജീവിതം. പതിനെട്ടാം വയസ്സില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് നഗരമധ്യത്തിലിട്ട് പട്ടാപ്പകല്‍ വെടിവെച്ചുകൊന്നാണ് മരെസ്‌ക വാര്‍ത്തകളില്‍ ഇടംനേടുന്നത്. ആറുമാസം ഗര്‍ഭിണിയിരിക്കെ, കുറ്റവാളി സംഘമായ ‘കമോറ’യുടെ തലവനായിരുന്ന അന്റോണിയോ എസ്‌പൊസിറ്റോയെയാണ് അവര്‍ കൊന്നത്. ഇതോടെ നേപ്പിള്‍സ് അധോലോകത്ത് മരെസ്‌കയ്ക്ക് എതിരാളികളില്ലാതായി.
ഇറ്റലിയില്‍ പോംപെയ്ക്കുസമീപമുള്ള വീട്ടില്‍ ഡിസംബർ 29-ന് ആയിരുന്നു അസ്സുന്ത മരെസ്‌കയുടെ അന്ത്യം. അധോലോക സംഘത്തിന്‍റെ നേതാവ് എന്നതിനൊപ്പം മറ്റുപലതുമായിരുന്നു അസ്സുന്ത മരെസ്‌ക. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തില്‍ സംഭവബഹുലവും നാടകീയവും ഒപ്പം, അവിശ്വസനീയവുമായ ജീവിതം.
കാമോറയെന്ന മാഫിയ സംഘത്തില്‍ ശക്തമായ വ്യക്തിത്വമായി അതിവേഗം മാറിയ മുന്‍ സൗന്ദര്യ റാണിയാണ് പപ്പെറ്റ (പാവക്കുട്ടി) എന്നറിയപ്പെടുന്ന അസ്സുന്ത മരെസ്‌ക. 1935 ജനുവരി 19ന് ഇറ്റാലിയന്‍ നഗരമായ കാസ്റ്റെല്ലമരെ ഡി സ്റ്റബിയയിലായിരുന്നു ജനനം. 1950-കളുടെ മധ്യത്തില്‍ തന്റെ ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരമായി ഒരു കമോറ സംഘത്തലവനെ കൊലപ്പെടുത്തിയതോടെയാണ് അവര്‍ അന്താരാഷ്ട്ര തലത്തില്‍ തലക്കെട്ടുകള്‍ തീര്‍ത്ത് കുപ്രസിദ്ധിയാര്‍ജിച്ചത്.
നേപ്പിള്‍സിന് തെക്ക്, അവരുടെ ജന്മനാടായ കാസ്റ്റെല്ലമരെ ഡി സ്റ്റാബിയയെ നിയന്ത്രിച്ചിരുന്ന മാഫിയ സംഘമായ കമോറയിലെ അംഗമായ വിന്‍സെന്‍സോ മരെസ്‌കയുടെ മകളായിരുന്നു അസ്സുന്ത മരേസ്‌ക. സ്വിച്ച് ബ്ലേഡുകള്‍ അഥവാ മടക്കുകത്തികള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധരായിരുന്ന ‘ലാംപെറ്റിയെല്ലി’ ക്രിമിനല്‍ കുടുംബത്തിലെ അംഗമായിരുന്നു അവര്‍. നിരോധിത സിഗരറ്റുകള്‍ കടത്തിയായിരുന്നു ഇവര്‍ പണം സമ്പാദിച്ചിരുന്നത്.
നാല് സഹോദരങ്ങളുള്ള കുടുംബത്തിലെ ഏക പെണ്‍കുട്ടിയായിരുന്നു അസ്സുന്ത. അതിസുന്ദരിയായിരുന്നു അവര്‍. നാല് സഹോദരങ്ങളുടെ ലാളനകളേറ്റ് രാജകുമാരിയെപ്പോലെയാണ് അസ്സുന്ത വളര്‍ന്നത്. വാത്സല്യപൂര്‍വം അവളെ പപ്പെറ്റ (പാവക്കുട്ടി) എന്നാണ് വിളിച്ചിരുന്നത്. പതിനെട്ട് വയസ്സുള്ളപ്പോള്‍ അസ്സുന്ത നേപ്പിള്‍സിന്റെ പ്രാന്തപ്രദേശത്തെ ഒരു ഗ്രാമത്തിലെ സൗന്ദര്യ മത്സരത്തില്‍ വിജയിച്ച് ‘മിസ് റോവെഗ്ലിയാനോ’ ആയിത്തീരുകയും ചെയ്തു.
ആദ്യകാലങ്ങളില്‍ നേപ്പിള്‍സിലെ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ ജോലിചെയ്യുകയും പിന്നീട് കള്ളക്കടത്ത് നടത്തുകയും ചെയ്തിരുന്ന സമ്പന്നനും ശക്തനുമായിരുന്ന ഒരു പ്രാദേശിക കമോറ മാഫിയ തലവനായ സിമോനെത്തി അവളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് 1955 ഏപ്രില്‍ 27-ന് അവര്‍ വിവാഹിതരായി.
സിമോനെറ്റിയുടെ പെട്ടെന്നുള്ള വളര്‍ച്ചയും പ്രവര്‍ത്തന ശൈലിയും മറ്റ് കമോറ സംഘാംഗങ്ങളെ അസ്വസ്ഥരാക്കി. വിവാഹം കഴിഞ്ഞ് കുറച്ചുമാസങ്ങള്‍ക്കുള്ളില്‍, 1955-ല്‍ തന്നെ സിമോനെത്തിയെ പട്ടാപ്പകല്‍ പൊതുമധ്യത്തില്‍ ഒരാള്‍ വെടിവെച്ചു കൊലപ്പെടുത്തി. സിമോനെത്തിയുടെ എതിരാളിയായ അന്റോണിയോ എസ്‌പോസിറ്റോ വിലയ്‌ക്കെടുത്ത വാടകകൊലയാളി ഗെയ്റ്റാനോ ഒര്‍ലാന്‍ഡോയായിരുന്നു സിമോനെറ്റിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
ആറുമാസം ഗര്‍ഭിണിയായിരുന്ന അസുന്ത മരേസ്‌കയ്ക്ക് പ്രിയതമന്റെ മരണവാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷെ, വിഷമിച്ച് തളര്‍ന്നിരിക്കാന്‍ മരെസ്‌ക ഒരുക്കമായിരുന്നില്ല. അക്രമി ആരാണെന്ന് പോലീസിന് അറിയാമായിരുന്നെങ്കിലും എസ്‌പോസിറ്റോയുടെ പണം കൈപ്പറ്റിയിരുന്ന അവര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിരുന്നില്ല.
നിയമവ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കില്ലെന്നുറപ്പായതോടെ തന്റെ പത്തൊമ്പതാം വയസില്‍ മരെസ്‌ക തന്നെ നീതി നടപ്പാക്കാന്‍ നേരിട്ട് രംഗത്തിറങ്ങി. 1955 ഓഗസ്റ്റ് നാലിന് അവര്‍ തന്റെ ഇളയ സഹോദരന്‍ സിറോയ്ക്കൊപ്പം നേപ്പിള്‍സിലേക്ക് വണ്ടികയറി. അവിടെ ഒരു മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട എസ്പോസിറ്റോയെ കണ്ടുമുട്ടിയ ഉടനെ തന്നെ അവള്‍ തന്റെ ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച തോക്ക് പുറത്തെടുത്തു. രണ്ട് കൈകള്‍ കൊണ്ട് അത് എക്‌സ്‌പോസിറ്റോയ്ക്ക് നേര്‍ക്ക് ചൂണ്ടി വെടിയുതിര്‍ത്തു. എസ്‌പോസിറ്റോ തത്ക്ഷണം തന്നെ മരിച്ചുവീണു.
വെടിയുതിര്‍ക്കുന്ന സമയത്ത് ഉന്നം തെറ്റുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായി അവര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
1955 ഒക്ടോബര്‍ 14-ന് പോലീസ് അസ്സുന്ത മരെസ്‌കയെ അറസ്റ്റ് ചെയ്തു. 1959 ഏപ്രിലില്‍ നേപ്പിള്‍സിലെ അസൈസസ് കോടതിയില്‍ വിചാരണ ആരംഭിച്ചു. കൊലപാതകവും തുടര്‍ന്നുള്ള വിചാരണയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി. പല പ്രമുഖ പത്രങ്ങളുടെയും തലക്കെട്ടില്‍ മരെസ്‌ക ഇടം പിടിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ കൊന്നതില്‍ പശ്ചാത്താപമില്ലെന്നും ‘ഞാന്‍ അത് വീണ്ടും വീണ്ടും ചെയ്യും’ എന്നും വിചാരണവേളയില്‍ മരെസ്‌ക തലയുയര്‍ത്തി ധിക്കാരത്തോടെ പ്രഖ്യാപിച്ചു. ഇത് കേട്ട് കോടതി മുറിയാകെ ആര്‍പ്പുവിളിച്ചതും അന്താരാഷ്ട്ര തലത്തില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചു.
ഒരു പത്രം അവളെ ‘ദിവ ഓഫ് ക്രൈം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ കേസിന്റെ വിചാരണവേളയില്‍ ചരിത്രത്തിലാദ്യമായി നേപ്പിള്‍സിലെ കോടതിയില്‍ മൈക്കുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കി. കോടതി മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് നേരിട്ട് അറിയാന്‍ വേണ്ടിയായിരുന്നു ഇത്.
അസ്സുന്ത മരെസ്‌കയുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ വിവാഹാഭ്യര്‍ഥനകളുമായി രംഗത്തെത്തി. ഒരു ഇറ്റാലിയന്‍ സംഗീതജ്ഞന്‍ മരെസ്‌കയുടെ ബഹുമാനാര്‍ത്ഥം ‘ലാ ലെഗ്ഗെ ഡി’നോര്‍’ – ‘ദി ലോ ഓഫ് ഓണര്‍’ എന്ന ഗാനം രചിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതി അവരെ 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് ശിക്ഷ 14 വര്‍ഷമായി കുറച്ചു. വർഷങ്ങള്‍ നീണ്ട തടവുശിക്ഷയനുഭവിച്ച് തിരിച്ചെത്തിയശേഷം പിന്നീട് സിനിമയിലും അഭിനയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല