സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികനെ വ്യവസ്ഥകളോടെ വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പ്രതികളില്‍ ഒരാളായ സാല്‍വത്തോറെ ജിറോണിനെയാണ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിട്ടയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര കോടതിയില്‍ അറിയിച്ചത്.
പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ രേഖകളും ഇറ്റലിയില്‍ നല്‍കണമെന്നാണ് പ്രധാന വ്യവസ്ഥ. ഇറ്റലി വിട്ടുപോകരുത്. വിചാരണ നടക്കുന്ന കാലയളവില്‍ ഇറ്റലിയിലെ നിയുക്ത അധികൃതര്‍ക്കു മുന്നില്‍ നിശ്ചിത ഇടവേളകളില്‍ ഹാജരാകണം എന്നും ഇന്ത്യ വ്യക്തമാക്കി.
രാജ്യാന്തര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതിനായുള്ള നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ (പി.സി.എ.) കഴിഞ്ഞ മാസം 30 നും 31നും നടന്ന വിചാരണക്കിടെയാണു ഇന്ത്യ നിലപാടു വ്യക്തമാക്കിയത്. ഭാവിയില്‍ വിചാരണയ്ക്കായി നാവികനെ ഇന്ത്യക്ക് വിട്ടു നല്‍കുമെന്ന് പി.സി.എ. ഉറപ്പു നല്‍കണമെന്നും ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ജിറോണിനെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കാമെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച നീരു ഛദ്ദ രാജ്യാന്തര കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്ന് പി.സി.എ ആവശ്യപ്പെടുകയാണെങ്കില്‍ ജിറോണിനെ ഇന്ത്യക്ക് വിട്ടുനല്‍കാമെന്ന ഔപചാരികമായ ഉറപ്പ് ഇറ്റലി കോടതിയില്‍ നല്‍കി.
ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികരായ മാസി മിലിയാനോ ലത്തോറെ, സല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ 2012 ഫെബ്രുവരി 15 ന് കേരള തീരത്തുവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തി എന്നാണു കേസ്. നേരത്തെ ആരോഗ്യ സംബന്ധിയായ കാരണങ്ങളാല്‍ ലത്തോറെയെ ഇറ്റലിയിലേക്ക് പോകുവാന്‍ അനുവദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല