സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ രഹസ്യ സംഭാഷണം പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോപ്ടര്‍ ഇടപാടിലെ തെളിവന്വേഷിച്ച് നരേന്ദ്ര മോദി നടത്തിയ രഹസ്യ സംഭാഷണം ഇറ്റലി പുറത്തു വിടുമെന്ന് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഭീഷണി മുഴക്കി.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നാവികനെ വിട്ടയക്കാന്‍ തയാറായില്ലെങ്കില്‍ സന്തോഷകരമല്ലാത്ത ചില നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എന്‍.ഡി.ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ വ്യക്തമാക്കിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന രഹസ്യസംഭാഷണം സംബന്ധിച്ച വെളിപ്പെടുത്തലാകാം അതെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അഗസ്റ്റവെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയക്കെതിരായ തെളിവ് നല്‍കുകയാണെങ്കില്‍ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയെന്നുമുള്ള വാര്‍ത്ത ഇരുരാജ്യങ്ങളും നിഷേധിച്ചിരുന്നു.
മോദി വല്ലാത്ത പ്രതിസന്ധിയിലാണ്. നാവികരെ വിടാന്‍ അനുവദിച്ചാല്‍ ഇറ്റലിയുമായി രഹസ്യ കരാറുണ്ടാക്കിയെന്ന ആരോപണത്തിനിരയാകും, വിടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇറ്റലിയില്‍നിന്ന് സന്തോഷകരമല്ലാത്ത നടപടിയുണ്ടാകുമെന്നതാണ് അവസ്ഥയെന്നും മിഷേല്‍ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല