കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാസെഷന്‍സ് കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജില്ലാസെഷന്‍സ് ജഡ്ജി പി.ഡി.രാജന്‍ ഇറ്റാലിയന്‍ നാവികരായ ലസ്തോറെ മാസി മിലിയാനോ, സാല്‍വേത്തോറ ജിറോണ്‍ എന്നിവരുടെ ജാമ്യാപേക്ഷ നിരാകരിച്ചത്.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ വിദേശപൗരന്മാരായ അവര്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും അതുമൂലം വിചാരണ തടസപ്പെട്ടേക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദത്തെ ശരിവച്ചുകൊണ്ടാണ് ജഡ്ജി ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നീതിനിര്‍വഹണം കാര്യക്ഷമമാക്കാന്‍ വിചാരണ ഉടന്‍ ആരംഭിക്കേണ്ടതാണെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും താത്പര്യം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയന്‍ കപ്പലിന്റെ സുരക്ഷയ്ക്കായി അവിടുത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള നാവികരായതിനാല്‍, അവരുടെ ജാമ്യം ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രതിഭാഗം അഭിഭാഷകരായ സി.എസ്. നായരും എ.കെ.മനോജും കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഈ കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഷുവര്‍ട്ടി അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയും. ഇത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ കൃത്രിമത്വം കാട്ടാന്‍ ഇടവരുത്തുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ഗൗരവസ്വഭാവത്തിലുള്ളതാണെന്ന് കോടതി വിലയിരുത്തി. നാവികരുടെ റിമാന്റ് കാലാവധി ഈ മാസം 25ന് അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല