നാവികരുടെ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ നയതന്ത്ര തിരിച്ചടിക്കു പിന്നാലെ ഇറ്റലിക്കു ബ്രിട്ടനില്‍നിന്നും മാനക്കേട്. നൈജീരിയയില്‍ ബന്ദികളായ ഇറ്റലിക്കാരനെയും ബ്രിട്ടീഷുകാരനെയും രക്ഷിക്കാന്‍ ബ്രിട്ടന്‍ രഹസ്യമായി നടത്തിയ ശ്രമം പരാജയപ്പെട്ടു. എന്‍ജിനിയര്‍മാരായ രണ്ടു ബന്ദികളും കൊല്ലപ്പെട്ടു. നൈജീരിയന്‍ ഭരണകൂടവുമായി സഹകരിച്ചായിരുന്നു ബ്രിട്ടീഷ് സാഹസം. ഇറ്റാലിയന്‍ ഗവണ്‍െന്റിനോടു പറയാതെയാണു ബ്രിട്ടന്‍ ഇതിനു തുനിഞ്ഞത്. ഇറ്റലിയുടെ മുഖത്തു ബ്രിട്ടീഷ് പ്രഹരം എന്നാണു പ്രമുഖ ഇറ്റാലിയന്‍ പത്രം കൊറിയര്‍ ഡെല്ലാ സേറ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച അസാധാരണ മുഖപ്രസംഗത്തില്‍ പറഞ്ഞത്.
ഇറ്റാലിയന്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിസഭയ്ക്കെതിരേ രംഗത്തുവന്നു. ഇറ്റലിയെ നാണം കെടുത്തി എന്നാണു പത്രങ്ങളും രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തിയത്. നൈജീരിയയുമായി രക്ഷാശ്രമത്തിനു കൂടിയാലോചിച്ചിട്ട് ഇറ്റലിയെ അറിയിക്കാതിരുന്നത് ഇറ്റലിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറയുന്നതിനു തുല്യമാണെന്നു പത്രം ആക്ഷേപിച്ചു. പഴയ സാമ്രാജ്യത്വ വേഷം കെട്ടുകയായിരുന്നു ബ്രിട്ടനെന്നാണു വിമര്‍ശനം.
സില്‍വിയോ ബെര്‍ലുസ്കോണിക്കുശേഷം വന്ന ധനശാസ്ത്രജ്ഞനായ മാരിയോ മോണ്ടിയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി. രാഷ്ട്രീയക്കാരനല്ല ഇദ്ദേഹം. കഴിഞ്ഞവര്‍ഷം മേയ് 12നു നൈജീരിയയിലെ ബിര്‍ണില്‍ കെബ്ബി എന്ന പട്ടണത്തില്‍നിന്നാണ് ഇറ്റലിക്കാരന്‍ ഫ്രാങ്കോ ലാമോളിനാരയെയും (47 വയസ്) ബ്രട്ടീഷുകാരന്‍ ക്രിസ് മക്മാനുസി (28) നെയും ബന്ദികളാക്കിയത്. തീവ്ര മുസ്ലിം വിഭാഗമായ ബോകോ ഹറം ആണ് ഇവരെ പിടിച്ചതെന്നു സംശയിക്കുന്നു. ഇറ്റാലിയന്‍ നിര്‍മാണ കമ്പനി സ്തബിലിനിയിലെ ജോലിക്കാരായിരുന്നു ഇവര്‍.
രക്ഷാശ്രമം തുടങ്ങി കുറേക്കഴിഞ്ഞശേഷമാണു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മോണ്ടിയെ വിളിച്ചു കാര്യം പറഞ്ഞത്. നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥനെ വിളിച്ച മോണ്ടി സംഭവങ്ങളുടെ വിശദവിവരം ആരാഞ്ഞിട്ടുണ്ട്. ബന്ദികളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് രക്ഷാസൈനികര്‍, ബന്ദികളെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നെന്നു ബ്രിട്ടന്‍ പറയുന്നു. രക്ഷാസൈനികരുടെ വെടിയേറ്റാകാം ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടന്റെ സ്പെഷല്‍ ബോട്ട് സ്ക്വാഡ്രനിലെ 20 പേര്‍ നൈജീരിയന്‍ സൈന്യത്തിന്റെ സഹായത്തോടെയാണു തീവ്രവാദികളുടെ സങ്കേതത്തിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല