കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതരും ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി. കപ്പല്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
കരാറിലെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. കരാറിലെ വ്യവസ്ഥകള്‍ പലതും നിയമവിരുദ്ധമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരാജയപ്പെടുത്താനുള്ള നീക്കമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചത്.
ജസ്റ്റിസുമാരായ ആര്‍എം ലോധയും എച്ച്എല്‍ ഗോഖലയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
ഇത്തരമൊരു കേസില്‍ ലോക് അദാലത്തില്‍ വച്ച് ഒത്തുതീര്‍പ്പുണ്ടാക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം കര്‍ശന ഉപാധികളോടെ കപ്പല്‍ വിട്ടു നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഒത്തുതീര്‍പ്പ് വ്യവസ്ഥയെ ഹൈക്കോടതിയും അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മരിച്ചവരുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല