സ്വന്തം ലേഖകൻ: അബുദാബി-മുംബൈ വിമാനത്തിൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും തുപ്പുകയും ചെയ്ത ഇറ്റാലിയൻ യുവതി അറസ്റ്റിൽ. പൗള പെരുഷിയോ (45) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച അബുദാബി-മുംബൈ വിസ്താര വിമാനത്തിലായിരുന്നു യാത്രക്കാരെ ഞെട്ടിച്ച സംഭവം.
ഇക്കോണമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി, മദ്യപിച്ചശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം നിരസിച്ചതോടെ രോഷാകുലയായ യുവതി, ക്രൂ അംഗങ്ങളെ മർദിക്കുകയും ഒരാളുടെ ദേഹത്തു തുപ്പുകയും ചെയ്തു. വിമാനത്തിനകത്തു സംഘർഷാവസ്ഥ ഉണ്ടായതിനു പിന്നാലെ യുവതി വസ്ത്രങ്ങൾ ഊരിയെറിയുകയും അർധനഗ്‌നയായി നടക്കുകയും ചെയ്തു.
അബുദാബിയിൽനിന്ന് പുലർച്ചെ 2.03ന് പുറപ്പെട്ട വിമാനത്തിൽ രണ്ടരയോടെയാണ് യുവതി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഒരു തരത്തിലും ഇവരെ നിയന്ത്രിക്കാൻ പറ്റാതായതോടെ ക്യാപ്റ്റന്റെ നിർദേശാനുസരണം കാബിൻ ക്രൂ അംഗങ്ങൾ യുവതിയെ ബലമായി സീറ്റിൽ കെട്ടിയിടുകയായിരുന്നു. മുംബൈയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ കാബിൻ ക്രൂവിന്റെ പരാതിയിൽ സഹർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.
കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത് വലിയ വിവാദമായിരുന്നു. ശങ്കർ മിശ്രയും മദ്യപിച്ചു ലക്കുകെട്ടാണ് മോശമായി പെരുമാറിയതെന്നാണ് ആരോപണം. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് ഈ സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല