സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്നു ദിവസം ആര്‍ത്തവ അവധി അനുവദിക്കുന്ന നിയമവുമായി ഇറ്റലി, പുതിയ നിയമത്തിന് വന്‍ വരവേല്‍പ്പ്. യൂറോപ്പില്‍ തന്നെ ആദ്യമായാണ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. മാസത്തില്‍ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗങ്ങള്‍ അംഗീകരിച്ചു.
പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞു. ആര്‍ത്തവത്തെ അംഗീകരിച്ചതിലൂടെയും സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിലൂടെയും വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു.
സാമൂഹ്യ പുരോഗതിയുടെ തുടക്കം എന്നാണ് ഇറ്റലിയിലെ പ്രമുഖ വനിതാ മാഗസിനായ മാരി ക്ലയര്‍ നിയമത്തെ വിവരിച്ചത്. യുറോപ്പിലെ ഏറ്റവും കുറവ് വനിത ജീവനക്കാരുള്ള രാജ്യമാണ് ഇറ്റലി. 61 ശതമാനം വനിതകള്‍ മാത്രമാണ് ഇറ്റലിയില്‍ തൊഴില്‍ ചെയ്യുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഭൂരിഭാഗം വരുന്ന കമ്പനികളും തയ്യാറാവത്തതാണ് സ്ത്രീകളുടെ എണ്ണത്തിലെ ഈ ഗണ്യമായ കുറവിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
അതേസമയം ഇത്തരം നിയമങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുമെന്നും ഇത് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും ആരോപിച്ച് ചില വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. സാംബിയ, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈനയുടെ ചില മേഖലകളിലും ഇപ്പോള്‍ ഇത്തരത്തിലുള്ള അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ബ്രിട്ടനിലെ ഒരു സ്ഥാപനവും കഴിഞ്ഞ വര്‍ഷം ഇത്തരം അവധി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല