സാമ്പത്തിക പ്രതിസന്ധിയില്‍ തട്ടിവീണ സില്‍വിയോ ബര്‍ലുസ്കോണി സര്‍ക്കാരിനു പകരം രൂപീകൃതമായ മരിയോ മോണ്ടി ഭരണകൂടം ഇന്നു പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടിയേക്കും. രാഷ്ട്രീയക്കാരെ ഒഴിവാക്കി സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട കാബിനറ്റിനാണ് മുന്‍ യൂറോപ്യന്‍ കമ്മീഷണറായ മോണ്ടി രൂപം നല്‍കിയിട്ടുള്ളത.് പുതിയ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് പ്രധാനമന്ത്രി മോണ്ടി തന്നെ വഹിക്കും. ഇറ്റലിയിലെ ഏറ്റവും വലിയ റീട്ടെയില്‍ ബാങ്കായ ഇന്റസാ സാന്‍പൌളോയുടെ ചീഫ് എക്സിക്യൂട്ടീവ് കൊറാഡോ പസേരയെയും കാബിനറ്റില്‍ എടുത്തിട്ടുണ്ട്.
കടക്കെണിയില്‍ നിന്ന് ഇറ്റലിക്കു തലയൂരണമെങ്കില്‍ ഏറെ ത്യാഗങ്ങള്‍ക്ക് ജനങ്ങള്‍ തയാറായേ മതിയാവൂ എന്ന് മോണ്ടി ഓര്‍മിപ്പിച്ചു. മിക്ക രാഷ്ട്രീയപാര്‍ട്ടികളും മോണ്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തായ പ്രധാനമന്ത്രി ബര്‍ലുസ്കോണിയുടെ ഉടമസ്ഥതയിലുള്ള ഇല്‍ജിയോര്‍ണലേ പത്രം മോണ്ടിസര്‍ക്കാരിന് അധികം ആയുസില്ലെന്ന പ്രവചനവുമായി രംഗത്തെത്തിയത് അലോസരം സൃഷ്ടിച്ചു. കോടീശ്വരനായ ബര്‍ലുസ്കോണി തിരിച്ചുവരവിനു ശ്രമിക്കുമെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
17 വര്‍ഷം അധികാരത്തിലിരുന്നതിനു ശേഷം രാജിവച്ച ബര്‍ലുസ്കോണി ഓഫീസിലെ അവസാന ദിവസം പാക്കിംഗിന്റെ തിരക്കിലായിരുന്നു. ചൈനയില്‍നിന്നു കിട്ടിയ മിംഗ് സാമ്രാജ്യകാലത്തെ ഒരു പാത്രം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ പൊതിഞ്ഞുകെട്ടിയെടുത്താണ് അദ്ദേഹം സ്ഥലം വിട്ടത്. ഒരു ഘട്ടത്തില്‍ ഇതു താഴെയിടാന്‍ അദ്ദേഹം തമാശയ്ക്കു ശ്രമിച്ചത് നയതന്ത്രപ്രതിനിധികളെ ഞെട്ടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല