സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷം; രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് സൂചന. മാസങ്ങള്‍ കഴിഞ്ഞും സര്‍ക്കാറുണ്ടാക്കാന്‍ മുന്നണികള്‍ക്ക് കഴിയാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അതിനിടെ ധനമന്ത്രിയായി ഇ.യു വിരുദ്ധനായ പൗളോ സവോണയെ കൊണ്ടുവരാനുള്ള നീക്കം പ്രസിഡന്റ് മാറ്ററെല്ലെ എതിര്‍ത്തത് സ്ഥിതി വഷളാക്കുകയും ചെയ്തു.
മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂടുതല്‍ വോട്ട് നേടിയ ലീഗ്, ഫൈവ് സ്റ്റാര്‍ കക്ഷികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് സവോണയെ ധനമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍, രാജ്യത്തെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന സവോണയെ അംഗീകരിക്കുന്നത് നിക്ഷേപകരുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് പറഞ്ഞാണ് പ്രസിഡന്റ് ഇടപെട്ടത്.
ഇതോടെ, ഇനി മന്ത്രിസഭ രൂപവത്കരണത്തിനില്ലെന്ന് ലീഗ്, ഫൈവ് സ്റ്റാര്‍ കക്ഷികള്‍ വ്യക്തമാക്കി. ഇതുവരെയും ഭരണം നടത്തിയ മുഖ്യധാരാ കക്ഷികള്‍ ഏറെ പിറകിലായതിനാല്‍ ഇറ്റലിയില്‍ ഏറെ വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ബജറ്റിന് അംഗീകാരം നല്‍കുന്നതുള്‍പ്പെടെ അടിയന്തര ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ഐ.എം.എഫ് ഉദ്യോഗസ്ഥന്‍ കാര്‍ലോ കൊട്ടറെല്ലിയെ പ്രസിഡന്റ് മാറ്ററെല്ല നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല