സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു; ഗ്വിസെപ്പെ കോണ്ടെ പ്രധാനമന്ത്രി. മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ ഫൈവ് സ്റ്റാര്‍ലീഗ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഫ. ഗ്വിസെപ്പെ കോണ്ടെയെ സര്‍ക്കാറുണ്ടാക്കാന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ക്ഷണിച്ചു. ഇരു കക്ഷികളില്‍നിന്നുമുള്ള പ്രതിനിധികള്‍ ചേര്‍ന്നാകും പുതിയ മന്ത്രിസഭ രൂപീകരിക്കുക.
ഗ്വിസെപ്പെയെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തേ ധാരണയായിരുന്നെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച ധനമന്ത്രി സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍, പുതിയ ധനമന്ത്രിയായി ജിയോവാനി ട്രിയയെ സഖ്യം നിര്‍ദേശിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് അയവായത്. ഇറ്റലിയെ യൂറോപ്യന്‍ യൂനിയനില്‍ നിലനിര്‍ത്തണമെന്ന് വാദിക്കുന്നയാളാണ് ട്രിയ.
ലീഗ് നേതാവ് മാറ്റിയോ സല്‍വീനിക്കാകും ആഭ്യന്തര ചുമതല. വ്യവസായം ലൂയിജി ഡി മായോ, വിദേശകാര്യം എന്‍സോ മിലാനേസി, പ്രതിരോധം എലിസബെറ്റ ട്രന്റെ എന്നിങ്ങനെയാണ് മറ്റു പ്രധാന വകുപ്പുകള്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം 64 സര്‍ക്കാറുകള്‍ മാറിഭരിച്ച ചരിത്രമുള്ള ഇറ്റലിക്ക് ഭരണ പ്രതിസന്ധി പുതുമയൊന്നുമല്ല. മാര്‍ച്ച് നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ ഫൈവ് സ്റ്റാര്‍ 32 ശതമാനവും ലീഗ് 18 ശതമാനവും വോട്ട് നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല