അധികാരത്തില്‍ വന്ന് 60 ദിവസം പിന്നിടും മുന്‍പ് ഇറ്റലിയില്‍ പുതിയ പ്രധാനമന്ത്രി മാരിയോ മോണ്ടി 3000 കോടി യൂറോയുടെ രക്ഷാപാക്കെജ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു.
യൂറോപ്യന്‍ യൂണിയന്‍ മുന്‍ കമ്മിഷണര്‍ കൂടിയായ മോണ്ടിയുടെ പാക്കെജ് യൂറോ പ്രതിസന്ധി നേരിടാന്‍ ഒരു പരിധി വരെ സഹായകരമാകുമെന്നാണു വിലയിരുത്തല്‍. നികുതി വര്‍ധന, പെന്‍ഷന്‍ പരിഷ്കരണം എന്നിവ ഉള്‍പ്പെടുന്ന പാക്കെജിനു ക്യാബിനറ്റ് നേരത്തേ അനുമതി നല്‍കിയിരുന്നു.
പുതിയ വസ്തു നികുതി, യാച്ചുകള്‍ക്കും ലക്ഷ്വറി ഉത്പന്നങ്ങള്‍ക്കും ചുമത്തിയ നികുതി എന്നിവ വഴി 1000 കോടി യൂറോ സമാഹരിക്കാനാകുമെന്നാണു മോണ്ടി സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു വഴി സാമ്പത്തിക ലാഭമുണ്ടാക്കാമെന്നും മോണ്ടി കണക്കുകൂട്ടുന്നു.
പുതിയ മന്ത്രിസഭയില്‍ ബിസിനസ് പ്രമുഖര്‍ക്കും വ്യവസായികള്‍ക്കും സ്ഥാനം നല്‍കിയ മോണ്ടിയുടെ നടപടി പ്രശംസനീയമെന്ന് ഇറ്റലിയിലെ മാധ്യമങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
യൂറോസോണിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായ ഇറ്റലി ഈ വര്‍ഷം പകുതിയോടെയാണു സാമ്പത്തിക പ്രതിസന്ധിയിലായത്. വായ്പാചെലവ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിവയും രക്ഷാപാക്കെജിനായി യൂറോപ്യന്‍ യൂണിയനെയും ഐഎംഎഫിനെയും സമീപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല