എന്നും എപ്പോഴും കുടിയേറ്റക്കാര്‍ക്ക് പാരയായിടുള്ളത് മൈഗ്രേഷന്‍ വാച്ചിന്റെ കണക്കുകളാണ്, കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളും ബ്രിട്ടീഷ് സര്‍ക്കാരിനെയും ജനങ്ങളെയും കുടിയേറ്റ ജനതയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്, യുകെയിലെ 90 ശതമാനം കുടിയെറ്റക്കാരും ഇംഗ്ലണ്ടില്‍ കുറ്റിയടിച്ചവരാണ് എന്നാണ് മൈഗ്രേഷന്‍ വച്ച് പുറത്തു വിട്ടത്, ഈ വിവരം ഇംഗ്ലണ്ടിലെ ജനസാന്ദ്രത കുത്തനെ ഉയരുന്നുവെന്ന ആശങ്കയും സര്‍ക്കാരിലും ജനങ്ങളിലും ഉണ്ടാക്കിയിട്ടുണ്ട്.
അല്ലെങ്കില്‍ തന്നെ കുടിയേറ്റക്കാരെ പുകച്ചു പുറത്തു ചാടിക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുകയാണ് ബ്രിട്ടന്‍, ഇതിനിടയില്‍ എരി തീയില്‍ എണ്ണ എന്ന പോലെ മൈഗ്രേഷന്‍ വാച്ച് പുറത്തു വിടുന്ന കണക്കുകള്‍ ബ്രിട്ടീഷ് ജനതയെയും കുടിയേറ്റക്കാര്‍ക്ക് എതിരെ തിരിച്ചതിന്റെ പ്രതിഫലമെന്നോളം അവര്‍ കുടിയേറ്റം തടയാന്‍ ആവശ്യപ്പെട്ടുള്ള ഇ-പെറ്റീഷന്‍ ഈയടുത്താണ് തയ്യാറാക്കിയതും.
മൈഗ്രേഷന്‍ വാച്ച് കുടിയേറ്റത്തെ സംബന്ധിച്ച് തങ്ങള്‍ നടത്തിയ പഠനം പൂര്‍ത്തിയായെന്നും ഇതില്‍ നിന്നും നിലവില്‍ 7.1 മില്യണ്‍ വിദേശത്ത് ജനിച്ചവര്‍ ബ്രിട്ടനില്‍ ഉണ്ടെന്നും ഇതില്‍ 6.6 മില്യണ്‍ പേരും ഇംഗ്ലണ്ടില്‍ താമസിക്കുന്നവരാണെന്നുമാണ് പറഞ്ഞിരിക്കുനത്. അതേസമയം സ്കോട്ട്ലാന്‍ഡില്‍ 326000, വെയില്‍സില്‍ 150000, നോര്‍ത്തേന്‍ അയര്‍ലാന്‍ഡില്‍ 100000 വിദേശിയരുമാണ് താമസിക്കുന്നതെന്ന കണക്കും മൈഗ്രേഷന്‍ വാച്ച് പുറത്തു വിട്ടിട്ടുണ്ട്.
ഈ കുടിയേറ്റം ഇംഗ്ലണ്ടിനെ ലോകത്തെ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റിയെന്നും പഠനസംഘം അഭിപ്രായപ്പെട്ടു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വരുന്ന 16 വര്‍ഷം കൊണ്ട് യുകെയിലെ ജനസംഖ്യ 70 മില്യണ്‍ ആയിട്ടുയരുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ട് ഈ അടുത്ത കാലത്താണ് പുറത്തുവിട്ടത്.
ഈ കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ കുടിയേറ്റം തടയുന്ന തരത്തിലുള്ള കര്‍ശനമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ബ്രിട്ടനില്‍ സെറ്റില്‍ ചെയ്യാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് മൂലം കുടിയേറ്റകാര്‍ക്ക് ബ്രിട്ടനിലെ വാസം മതിയാക്കേണ്ടി വന്നേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ലോകത്തിലെ ജനസാന്ദ്രത കൂടിയ നാടുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് ജാമും രാവിലെ ട്രെയിനുകള്‍ എല്ലാം തന്നെ നിറഞ്ഞു കവിയുന്നതും ഇതിന്റെ തെളിവാണെന്നും കംപെയിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സര്‍ ആണ്ട്രൂ ഗ്രീന്‍ പറഞ്ഞു.എന്തായാലും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടില്‍ കൂടുതലായുള്ള കുടിയേറ്റക്കാരെ വെയില്‍സിലെക്കോ സ്കോട്ട്ലണ്ടിലേക്കോ പറപ്പിക്കുമോ എന്ന്‍ കണ്ടറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല