സ്വന്തം ലേഖകൻ: തൊണ്ണൂറുകളിൽ ഓസ്ട്രേലിയയെ ഭീതിയിലാഴ്ത്തിയ ബാക്പാക്കർ കില്ലർ ഇവാൻ മിലറ്റ് മരിച്ചു. 74-ാം വയസിലായിരുന്നു അന്ത്യം. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവെ കാൻസർ ബാധിച്ച മിലറ്റ്, സിഡ്നിയിലെ ആശുപത്രിയിലാണു മരിച്ചത്.
ഹിച്ച്ഹൈക്കർ (കിട്ടുന്ന വാഹനത്തിൽ കയറി ഉല്ലാസയാത്ര നടത്തുന്നവർ) മാരെയാണ് മിലറ്റ് ലക്ഷ്യമിട്ടിരുന്നത്. 1989-92 കാലത്ത് നിരവധി പേരെ മിലറ്റ് കൊലപ്പെടുത്തി. മൃതദേഹങ്ങൾ ന്യൂ സൗത്ത് വെയ്ൽസിലെ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു പതിവ്. 19-22 വയസിന് ഇടയിൽപ്രായമുള്ളവരായിരുന്നു മിലറ്റിന്റെ ഇരകൾ.
എന്നാൽ കുറ്റം സമ്മതിക്കാൻ മിലറ്റ് തയാറാകാതിരുന്നതു നിരവധി കേസുകളിൽ പോലീസിന്റെ അന്വേക്ഷണം വഴിമുട്ടിച്ചു. കേസുകൾ തെളിയിക്കപ്പെട്ടില്ല. ഒടുവിൽ മിലറ്റിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട ബ്രിട്ടീഷുകാരൻ പോൾ ഒനിയൻസിന്റെ പരാതിയിലാണു മിലറ്റ് പിടിയിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും.
സിഡ്നിയിലെയും മെൽബണിലെയും ഹൈവേകളിലാണു മിലറ്റ് ഇരകൾക്കായി വലവിരിച്ചു കാത്തിരുന്നത്. മൃതദേഹങ്ങൾ ബെലെൻഗ്ലോ വനത്തിൽനിന്നു കണ്ടെടുത്തിരുന്നെങ്കിലും മിലറ്റ് കുറ്റം സമ്മതിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല