സ്വന്തം ലേഖകന്‍: സിറിയക്കുമേല്‍ മിസൈല്‍ വര്‍ഷം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് രാസായുധ ആക്രമണത്തിന് ഇരയായ കുരുന്നുകളുടെ ചിത്രം കണ്ട മകള്‍ ഇവാന്‍കയുടെ സങ്കടമാണെന്ന് വെളിപ്പെടുത്തല്‍. സിറിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ അമേരിക്കന്‍ ആക്രമണത്തിനു പിന്നില്‍ ഇവാന്‍കയുടെ സമ്മര്‍ദ്ദമാണെന്ന് ട്രംപിന്റെ മകന്‍ എറിക് ട്രംപാണ് വെളിപ്പെടുത്തിയത്.
സ്വന്തം പൗരന്മാരുടെ മേല്‍ രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ ബഷര്‍ അല്‍ അസദിന്റെ നടപടി തന്റെ സഹോദരിയെ ഏറെ വേദനിപ്പിച്ചു. അവള്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇതറിഞ്ഞ പിതാവ് അസദിനെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവിന്റെ ഈ നടപടിക്ക് റഷ്യയുമായി ബന്ധമില്ലെന്നും വ്‌ളാദിമീര്‍ പുടിനെ ഇതുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും എറിക് ‘ദ ഡെയ്‌ലി ടെലഗ്രാഫി’ന് നല്‍കി അഭിമുഖത്തില്‍ പറയുന്നു.
റഷ്യന്‍ സേനയെ സിറിയയില്‍ നിന്ന് പിന്‍വലിക്കുകയും അസദിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ പുതിയ നടപടിയുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞതിനു പിന്നാലെയാണ് എറികിന്റെ പ്രസ്താവന.
രാസാക്രമണത്തിന്റെ ദൃശയങ്ങള്‍ ട്രംപിനെ വല്ലാതെ വേട്ടയാടിയിരുന്നു. സിറിയയ്ക്കു മേല്‍ നടപടിയെടുക്കാന്‍ സഹോദരി പിതാവിനു മേല്‍ സമ്മര്‍ദ്ദം നടത്തിയിരുന്നു. ആരെയും ഭയക്കുന്ന നേതാവല്ല, നട്ടെല്ലുള്ള, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ കഴിവുള്ളയാളാണ് ട്രംപ് എന്നും എറിക് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല