സ്വന്തം ലേഖകൻ: ന്യൂയോർക്കിൽ പെതുവേദിയിൽ നടന്ന ആക്രമണത്തിൽ സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ നോവലിസ്റ്റ് ജെ കെ റോളിങിനും വധഭീഷണി. ട്വിറ്ററിലാണ് ജെ കെ റോളിങിന് വധഭീഷണി ലഭിച്ചത്. പേടിക്കേണ്ട, നീയാണ് അടുത്തത് എന്നായിരുന്നു ജെ കെ റോളിങിനു ലഭിച്ച ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് ന്യൂയോർക്ക് നഗരത്തിൽ ഒരു പ്രസംഗത്തിന് തയ്യാറെടുക്കുന്നതിനിടെ നോവലിസ്റ്റ് സൽമാൻ റുഷ്ദിയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ റുഷ്ദി ആശുപത്രിയിൽ ചികിത്സയിലാണ്. ന്യൂ ജേഴ്സി സ്വദേശിയായ ഹാദി മാതർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൽമാൻ റുഷ്ദിയ്ക്ക് പിന്തുണയറിയിച്ച് ജെ കെ റോളിങ് കുറിച്ച ട്വീറ്റിനു താഴെയാണ് ഭീഷണി സന്ദേശം.
സൽമാൻ റുഷ്ദിയ്ക്കു നേർക്കുണ്ടായ ആക്രമണത്തിൽ താൻ നടുങ്ങിപ്പോയെന്നും അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ വരട്ടെ എന്നുമായിരുന്നു ജെ കെ റോളിങിൻ്റെ ആശംസ. എന്നാൽ “പേടിക്കേണ്ട, അടുത്തത് നീയാണ്” എന്നായിരുന്നു ഒരു പ്രൊഫൈലിൽ നിന്ന് ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെട്ട സന്ദേശം. സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ പുകഴ്ത്തി ഈ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ട്വീറ്റുകൾ വന്നിട്ടുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അന്തരിച്ച (ഇറാൻ ഭരണാധികാരി) അയത്തുള്ള റോഹള്ള ഖൊമൈനിയുടെ ഫത്വ നടപ്പാക്കിയ ധീരനായ ഷിയ പോരാളിയാണ് ഹാദി മാതർ എന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. വധഭീഷണി ഉയർത്തിയ ആളുടെ ട്വീറ്റിൻ്റെ സ്ക്രീൻഷോട്ടും റോളിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രൊഫൈലിനെതിരെ നടപടിയുണ്ടാകുമോ എന്നും റോളിങ് ചോദിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് പിന്നാലെ അവർ അറിയിച്ചു.
ഹാരി പോട്ടർ നോവൽ പരമ്പരകളുടെ കർത്താവ് എന്ന നിലയ്ക്കാണ് ബ്രിട്ടീഷ് സാഹിത്യകാരി ജെ കെ റോളിങ് ലോകപ്രശസ്തയായത്. മുൻപ് ട്രാൻസ്ജെൻഡറുകളെക്കുറിച്ച് റോളിങ് നടത്തിയ പരാമർശത്തിനെതിരെ ലൈംഗികന്യൂനപക്ഷങ്ങൾ രംഗത്തെത്തിയതോടെ വിഷയം വലിയ വിവാദമയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല