ഓസ്‌ട്രേലിയയിലെ രണ്ട് റേഡിയോ ജോക്കികളുടെ കുട്ടിക്കളിക്കിരയായി ജീവനൊടുക്കേണ്ടി വന്ന ഇന്ത്യന്‍ നഴ്‌സ് ജാസിന്താ സാല്‍ദനക്കും കുടുംബത്തിനും നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. ജാസിന്തയുടെ ആത്മഹത്യക്ക് കാരണക്കാരായ ടുഡേ എഫ്എമ്മിലെ രണ്ടു റേഡിയോ ജോക്കികളും നിയമം ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി.
ജാസിന്ത ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കേംബ്രിഡ്ജ് പ്രഭ്വി ചികില്‍സക്കായി പ്രവേശിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടുഡേ എഫ്എമ്മിലെ റേഡിയോ ജോക്കികള്‍ ബ്രിട്ടീഷ് രാജ്ഞിയും രാജകുടുംബാംഗങ്ങളുമാണെന്ന് വ്യാജേന ആശുപത്രിയിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജാസിന്തയാകട്ടെ ഫോണ്‍ കോളിന്റെ സത്യാവസ്ഥ മനസിലാകാതെ പ്രഭ്വിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ റേഡിയോ ജോക്കികളോട് വെളിപ്പെടുത്തി.
2012 ഡിസംബര്‍ നാലിനാണ് സംഭവം നടന്നത്. മൂന്നു ദിവസത്തിനു ശേഷം ജാസിന്തയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭ്വിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ആശുപത്രി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെളിപ്പെടുത്തിയതിന്റെ നാണക്കേട് സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും ജാസിന്ത ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. ഒപ്പം തന്റെ മരണത്തിന് കാരണം രണ്ട് റേഡിയോ ജോക്കികളാണെന്നും കത്തിലുണ്ട്.
ജാസിന്തയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അന്നു തുടങ്ങിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഡിജെകളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിനോടൊപ്പം തന്നെ ജാസിന്തയുടെ ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്ത റേഡിയോ സ്റ്റേഷന്റെ ലൈസന്‍സ് റദ്ദക്കുന്നതും വന്‍ പിഴ ചുമത്തുന്നതും ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികളും കോടതിയുടെ പരിഗണനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല