ചിലര്‍ എന്നെന്നേക്കുമായി ലോകം വിട്ടു പോകുമ്പോള്‍ മറ്റു ചിലര്‍ ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുന്നു, മൈക്കല്‍ ജാക്ക്സന്‍ ഇപ്പറഞ്ഞതില്‍ രണ്ടാം സ്ഥാനത്താണ്. ജീവിതത്തിലും മരണത്തിലും ഒരു പോലെ ആഘോഷിക്കപ്പെടുകയാണിപ്പോള്‍ ജാക്ക്സന്‍. ജീവിച്ചിരുന്നപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞതിന്‍റെ എത്രയോ ഇരട്ടിയാണ് മരണത്തിലൂടെ പോപ് സ്റ്റാര്‍ മൈക്കിള്‍ ജാക്സണ്‍ നേടിയത്. മരണശേഷവും ലോകത്തില്‍ ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കുന്നുണ്ട് മൈക്കിള്‍ ജാക്സണ്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫോര്‍ബ്സ് മാഗസിന്‍റെ ടോപ് ഏണിങ് ഡെഡ് സെലിബ്രിറ്റി ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നു ജാക്സന്‍.
ലോകത്തോടു വിടപറഞ്ഞ ജാക്സന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത് 840 കോടി രൂപ. 2009 ജൂണിലാണ് ജാക്സണ്‍ ഈ ലോകത്തോടു വിട പറഞ്ഞത്. ഇപ്പോഴും ആ പേരിന് വിലമതിക്കാനാവാത്ത മൂല്യം. എല്‍വിസ് പ്രെസ്ലി, എലിസബത്ത് ടെയ്ലര്‍, ജോണ്‍ ലെനന്‍ തുടങ്ങിയ പ്രശസ്തരെയാണ് ജാക്സന്‍ പിന്തള്ളിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം ജാക്സണ്‍ നേടിയ തുക ഇതിലും ഏറെയായിരുന്നു, ഏകദേശം 1360 കോടി രൂപ. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പോപ് താരങ്ങള്‍ ആ വര്‍ഷം നേടിയ രണ്ടാമത്തെ വലിയ തുകയായിരുന്നു അത്. ഈ വര്‍ഷത്തെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തിയത് എല്‍വിസ് പ്രെസ്ലിയാണ്.
വിവ എല്‍വിസ്, ദ സിര്‍ക്വ് ഡു സൊലെയ്ല്‍ ഷോയാണ് എല്‍വിസിന്‍റെ സമ്പാദ്യം ഉയര്‍ത്താന്‍ കാരണം. സെക്സി ലേഡി മരിലിന്‍ മണ്‍റോ മൂന്നാം സ്ഥാനത്തെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ അന്തരിച്ച എലിസബത്ത് ടെയ്ലര്‍ക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ബീറ്റില്‍സ് താരം ജോണ്‍ ലെനനാണ് അഞ്ചാമതെത്തിയ സെലിബ്രിറ്റി. ടോപ് ടെന്നില്‍ ഗിറ്റാറിസ്റ്റ് ജിമി ഹെന്‍ഡ്രിക്സ്, നോവലിസ്റ്റ് സ്റ്റെയ്ഗ് ലാര്‍സണ്‍ എന്നിവരും ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല