മരണത്തിലും കോടികള്‍ വാരുന്ന ചിലരുണ്ട്. അന്തരിച്ച വിഖ്യാത പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്‍ ഇക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ്. ഏറ്റവും ഒടുവില്‍ ജാക്ക്സണ്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പുറംലോകം കാണാത്ത വരികളാണ് ലേലത്തിന് എത്തുന്നത്. ജാക്സന്റെ ത്വക്ക് രോഗ വിദഗ്ധനായിരുന്ന ആര്‍നോള്‍ഡ് ക്ളീന്‍ ആണ് വരികള്‍ ലേലത്തിന് വയ്ക്കുന്നത്. ജാക്സന്റെ ഒരു ഗാനത്തിലും കാണാത്ത വരികളാണിതെന്ന് അദ്ദേഹം പറയുന്നു.
എട്ട് വരികള്‍ പൂര്‍ത്തിയാക്കി ഒന്‍പതാമത്തേതിന്റെ പകുതി വരെയെത്തി നിര്‍ത്തിയ നിലയിലാണ് കൈയെഴുത്തുപ്രതി, അതുകൊണ്ടു തന്നെ രചന പൂര്‍ത്തിയാക്കാന്‍ ജാക്സന് ആയിട്ടില്ലെന്നാണ് വിലയിരുത്തേണ്ടതെന്നും ആര്‍നോള്‍ഡ് ക്ളീന്‍ പറയുകയുണ്ടായി. കവിതാരൂപത്തിലാണ് രചനയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വരികള്‍ക്ക് 3000 മുതല്‍ 5000 പൌണ്ട് വരെ പലരും വിലയിട്ടു കഴിഞ്ഞു എന്നതിനാല്‍ ലേലം പൊടി പൊടിക്കുമെന്നു പ്രതീക്ഷിക്കാം.
വളരെ ആകര്‍ഷകത്വമുള്ള സങ്കീര്‍ണമായ വരികളാണിതെന്നും ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്നും ബോണ്‍ഹാംസില്‍ നിന്നും ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച കാതറിന്‍ വില്യംസണ്‍ പറയുന്നു. ഈ മാസം 23 ന് ലോസ് ആഞ്ചലസിലാണ് ലേലം. മുന്‍പും ജാക്സന്റെ പല വസ്തുക്കളും മരണശേഷം ലേലത്തിന് വന്നപ്പോള്‍ പൊന്നും വില നല്‍കിയാണ് ആരാധകര്‍ സ്വന്തമാക്കിയത്. ഇക്കാര്യത്തിലും അത് തന്നെ സംഭവിച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല