മലങ്കര അന്തോക്യ ബന്ധം നീണാള്‍ വാഴട്ടെ …ബ്രിസ്റ്റൊളിലെ സെന്റ് ബേസില്‍ നഗറില്‍ തിങ്ങിനിറഞ്ഞ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭാമക്കള്‍ ഒരേ സ്വരത്തില്‍ ഈ മുദ്രാവാക്യം ഏറ്റു വിളിച്ചപ്പോള്‍ ഇന്നലെ ബ്രിസ്റ്റോള്‍ വേദിയായത് മറുനാട്ടിലായാലും വിശ്വാസവും പാരമ്പര്യവും കൈവിടാത്ത സഭാമക്കളുടെ വലിയൊരു വിശ്വാസ പ്രഖ്യാപനത്തിനാണ്.സഭാനേതൃത്വത്തോടും സഭാസംവിധാനങ്ങളോടുമുള്ള കൂറും ഐക്യവും പ്രഖ്യാപിക്കാനും സഭാമക്കളെ അടുത്തറിയുവാനും പരിചയം പുതുക്കുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരത്തോളം വിശ്വാസികളാണ് ബ്രിസ്റ്റൊളിലേക്ക് ഒഴുകിയെത്തിയത്. കോലഞ്ചേരിയിലോ കോതമംഗലത്തോ നില്‍ക്കുന്ന പ്രതീതിയായിരുന്നു ഇന്നലെ ബ്രിസ്റ്റോളില്‍.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് ഇന്നലെ ബ്രിസ്റ്റോളില്‍ യു. കെ. റിജീയന്റെ മുന്‍ പാത്രയാര്‍ക്കല്‍ വികാരിയും, നിരണം ഭദ്രാസനാധിപനും യൂ. എ. ഇ. ലെ പള്ളികളുടെ പാത്രയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസ്സുകൊണ്ട് ഉദ്ഘാടനംചെയ്തു. യു. കെ. മേഖലയുടെ ഇപ്പോഴത്തെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് കുടുംബ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു.
ഈവര്‍ഷത്തേ ചിന്താവിഷയമായി “ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും” എന്ന വേദ വചനം ആസ്പദമാക്കി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് വിഷയാവതരണം നടത്തി.ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് ക്ളാസ്സുകള്‍ക്കു നേതൃത്വം നല്‍കി.വൈകിട്ട് ആറുമണിക്ക് ശേഷം വിവിധ കലാപരിപാടികള്‍ നടന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനഞ്ചോളം വൈദികരും കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബ്രിസ്റ്റോള്‍ മോര്‍ ബെസ്സേലിയോസ് എല്‍ദൊ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ആതിഥ്യം വഹിക്കുന്ന
സംഗമത്തില്‍ സഭയുടെ ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഇന്ന് രാവിലെ പ്രഭാത പ്രാര്‍തനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിമാരുടെ മഹനീയ കാര്‍മ്മികത്ത്വത്തില്‍ വി. മൂന്നില്‍ കുര്‍ബാനയും, ശേഷം വിശിഷ്ട അതിഥികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്ള്ള സമാപന സമ്മേളനവും ക്രമികരിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല