സ്വന്തം ലേഖകൻ: സ്വദേശി തൊഴിൽ അന്വേഷകർക്ക് അതിവേഗം ജോലി കണ്ടെത്താൻ സഹായിക്കുന്ന ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം സേവനം അവതരിപ്പിച്ച് സൗദി മാനവവിശേഷി മന്ത്രാലയം. ജദറാത്ത് എന്ന പേരിലാണ് ഈ ഓൺലൈൻ ജോബ് പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നത്. സൗദി മാനവവിശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്ലാറ്റ്ഫോം, സ്വദേശികൾക്ക് തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുയോജ്യമായ ജോലി എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു.
വിവിധ മേഖലകളിലായി 70,000-ലധികം തൊഴിൽ അവസരങ്ങൾ ഇപ്പോൾത്തന്നെ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. വിദ്യാഭാസം, അനുഭവം എന്നിവയ്ക്കനുസരിച്ച് ജോലികൾ തിരയാനും നേരിട്ട് അപേക്ഷിക്കാനും ജദറാത്ത് സൗകര്യമൊരുക്കുന്നു. ആദ്യ ഘട്ടങ്ങളിൽ തന്നെ ലക്ഷക്കണക്കിന് തൊഴിലന്വേഷകർ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ജോലി കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങൾ ജദറാത്തിൽ അംഗമായിട്ടുണ്ട്. ഇത് തൊഴിലുടമകൾക്ക് തങ്ങളുടെ ഒഴിവുകൾ എളുപ്പത്തിൽ പ്രസിദ്ധീകരിക്കാനും അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനും സഹായിക്കുന്നു. സൗദി അധികാരികളുടെ ദീർഘദർശിയായ നീക്കത്തിന്റെ ഫലമായാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഹ്യൂമൻ റിസോഴ്സ്, സോഷ്യൽ ഡെവലപ്മെന്റ് മന്ത്രി അഹമ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം പ്ലാറ്റ്ഫോം സേവനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെവിടെ നിന്നുമുള്ള സൗദി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും കൂടുതൽ വിവരങ്ങൾ കൃത്യതയോടെയും സുതാര്യതയോടെയും മാനദണ്ഡങ്ങൾക്കനുസരിച്ച് സമഗ്രമായ വിശദാംശങ്ങളും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുകയും ചെയ്യും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കൊപ്പം അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനുള്ള സൗദിയിലെ ആദ്യ ഡിജിറ്റൽ പോർട്ടൽ സംവിധാനമാണ് ജദറാത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല