തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള പ്രാര്‍ത്ഥനയുമായി ഭാര്യ ശോഭയടക്കമുള്ള കുടുംബാംഗങ്ങള്‍ ചുനക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തി. ദേവപ്രശ്‌നവിധിപ്രകാരമുള്ള ആരാധന നടത്താനും പ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്യാനുമാണ് ചുനക്കര പന്തപ്ലാവില്‍ തറവാട്ടിലെത്തിയത്. ഈ തറവാട്ടില്‍ മുമ്പുണ്ടായിരുന്ന കാരണവര്‍ തച്ചുശാസ്ത്രശില്പശാസ്ത്ര വിദഗ്ദ്ധന്‍ ഉമ്മട്ടി ആശാരിയുടെ ഏക മകള്‍ മാണിക്യം ആണ് ജഗതിയുടെ മുത്തശ്ശി. കാലാന്തരത്തില്‍ വിട്ടുപോയ അനുഷ്ഠാനകര്‍മ്മങ്ങളുടെ പുനരാവര്‍ത്തനം ശില്പി ചുനക്കര കെ.ആര്‍.രാജന്റെ കാര്‍മ്മികത്വത്തിലാണ് നടത്തിയത്. തുടര്‍ന്ന് ചുനക്കര തിരുവൈരൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലും ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ ഇടവങ്കാട്ട് ദേവസ്ഥാനത്തിലും ആരാധന സമര്‍പ്പണം നടത്തിയശേഷമാണ് ജഗതിയുടെ കുടുംബം മടങ്ങിയത്.
കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും പ്രാര്‍ത്ഥന മലയാളസിനിമയുടെ അമ്പിളിച്ചേട്ടന്റെ തിരിച്ചു വരവിന്റെ ശുഭസൂചകമായി മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. രണ്ടാഴ്ചമുമ്പ് വെല്ലൂരില്‍ ജഗതിയെ സന്ദര്‍ശിച്ച തൃശ്ശൂരിലെ സുഹൃത്തുക്കള്‍് ആശാവഹമായ ആരോഗ്യ പുരോഗതിയെക്കുറിച്ചാണ് ആരാധകരോടു പറഞ്ഞത്.
സി.എസ്. അജയകുമാര്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍, സിനിമാ സംവിധായകന്‍ ബാബു നാരായണന്‍, ചന്ദ്രന്‍ തുടങ്ങിയവരാണ് രണ്ടാഴ്ചമുമ്പ് വെല്ലൂരില്‍ പോയത്. കോഴിക്കോട് മിംസിലായിരുന്നപ്പോഴും ഇവര്‍ അഞ്ചാറുതവണ ജഗതിയെ സന്ദര്‍ശിച്ചിരുന്നു. ജഗതിയുടെ അടുത്ത ബന്ധുകൂടിയാണ് അജയകുമാര്‍. തൃശ്ശൂരിലെ ഏതു ചടങ്ങിനെത്തിയാലും അജയനെ കാണാതെ ജഗതി മടങ്ങാറുമില്ല. വടക്കുംനാഥനിലെ അഭിഷേകം ചെയ്ത നെയ്യും ജഗതിക്കുവേണ്ടി വഴിപാട് നടത്തി കിട്ടിയ പ്രസാദവും കൂടെ കരുതിയിരുന്നു. ശബരിമലയില്‍ ഇപ്പോള്‍ നടതുറക്കുന്ന ദിവസങ്ങളിലെല്ലാം ജഗതിയുടെ സൗഖ്യത്തിന് പ്രത്യേകം വഴിപാടുകര്‍മ്മങ്ങളുണ്ടെന്ന വിവരവും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ മദ്ദളവിദ്വാന്‍ കലാമണ്ഡലം നാരായണന്‍ പ്രത്യേക വഴിപാടുകള്‍ കഴിപ്പിച്ച പ്രസാദവും വെല്ലൂരില്‍ എത്തിച്ചിരുന്നു. ഇവര്‍ കൃഷ്ണഗിരിയിലെ കാട്ടുവീര ആഞ്ജനേയ ക്ഷേത്രത്തില്‍ കയറിയും വഴിപാടുകള്‍ കഴിപ്പിച്ചാണ് വെല്ലൂരിലേയ്ക്ക് പോയത്.
ആസ്പത്രിയിലെത്തിയപ്പോള്‍ ജഗതി ഫിസിയോ തെറാപ്പി മുറിയിലായിരുന്നു. രാവിലെ 11 മുതല്‍ 45 മിനിറ്റ് വരെ വ്യായാമം. ക്ഷീണിതനെങ്കിലും മുഖത്ത് പ്രസരിപ്പുണ്ട്. കണ്ടതും തിരിച്ചറിഞ്ഞ ഭാവത്തില്‍ ചിരിച്ചു തലകുലുക്കി. ഇരിക്കാന്‍ ആംഗ്യം കാട്ടി. ഓരോരുത്തരുടെ കൈകളില്‍ മാറി മാറി പിടിച്ചു. തൊട്ടുമുമ്പില്‍ വെച്ചിട്ടുള്ള കണ്ണാടിയില്‍ നോക്കി കൈകാലുകള്‍ സ്വയം പൊന്തിക്കുന്ന വ്യായാമവും ഇടക്ക് ചെയ്യിക്കുന്നുണ്ട്. പരസഹായമില്ലാതെ ഇടയ്‌ക്കെല്ലാം ജഗതിക്ക് ചെയ്യാനാകുന്നുമുണ്ട്. ശബ്ദം പുറത്തുവന്നില്ലെങ്കിലും ചിരിക്കുന്നുണ്ട്. കുറേനേരം ചാരി ഇരിക്കാവുന്ന സ്ഥിതിയിലായിരുന്നു. തമാശകേട്ട് ആസ്വദിച്ച് ചിരിക്കുന്നുമുണ്ട്. ചിരിയടക്കാന്‍ കഴിയാതായപ്പോള്‍ ഇടയ്ക്ക് ചുമ വന്നു. രണ്ടരമണിക്കൂറാണ് ജഗതിയ്‌ക്കൊപ്പം ചെലവഴിച്ചത്. ഭക്ഷണമെല്ലാം ഒരു പ്രയാസവുമില്ലാതെ കഴിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഭാര്യ ശോഭയോട് ജഗതി എന്തോ ആവശ്യപ്പെട്ടു. ഏതാനും ദിവസംമുമ്പ് കേരളത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജഗതിയുടെ തിരിച്ചുവരവിന് ആശംസയും പ്രാര്‍ത്ഥനയും നേര്‍ന്ന് അയച്ച കാര്‍ഡായിരുന്നു അത്. ആ ആശംസാ കാര്‍ഡ് പിടിച്ചു കുറേനേരം നോക്കിയതിനിടയില്‍ കണ്ണുനനയാന്‍ തുടങ്ങി. യാത്രചോദിച്ച് സുഹൃത്തുക്കള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ജഗതി ആംഗ്യം കാട്ടി. തിരിച്ചുവരുമ്പോള്‍ കാണാമെന്ന ഭാവത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല