ജഗതി ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുവരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജഗതി കൃത്യമായി ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വെല്ലൂര്‍ മെഡിക്കല്‍ കോളെജിലെത്തി ജഗതിയെ സന്ദര്‍ശിച്ച ശേഷമാണ് സത്യന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ കോഴിക്കോട്ട് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഇത്തവണ ചെന്നപ്പോള്‍ ഒന്നും പറ്റാത്തതുപോലെ ജഗതി ഇരിക്കുന്നു. എനിക്ക് അദ്ദേഹം ഇടതുകൈകൊണ്ട് ഷേക്ക് ഹാന്‍ഡ് തന്നു. അദ്ദേഹം ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സിനിമയിലെ സഹപ്രവര്‍ത്തകര്‍ വരുമ്പോഴാണ് ജഗതി കൂടുതല്‍ പ്രതികരിക്കുന്നത് എന്നും ഒപ്പമുള്ളവര്‍ പറയുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ സിനിമയുണ്ട് എന്നതിന് തെളിവാണിത്. രണ്ട് മണിക്കൂറിലധികം ജഗതിയോടൊപ്പം ചെലവിട്ട ശേഷമാണ് സത്യന്‍ മടങ്ങിയത്.
ഞാന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന് മനസ്സിലായി. എല്ലാറ്റിനും കൃത്യമായി പ്രതികരണങ്ങളുമുണ്ടായി. തിരിച്ചൊന്നും പറയാന്‍ സാധിക്കുന്നില്ല എന്ന് മാത്രം. സിനിമയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന് പിന്നീട് ചിന്തിക്കേണ്ടകാര്യമാണ്. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിക്കഴിഞ്ഞു. സംസാരശേഷികൂടി വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പഴയ ജഗതിയിലേക്ക് അധികം ദൂരമുണ്ടാവില്ല’ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല