വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. നടന് വലതുകയ്യും കാലും ചലിപ്പിക്കാനാവുന്നുണ്ട്.തനിയേ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. തൊണ്ടയിലെ ട്യൂബ് അടുത്ത ആഴ്ചയോടെ നീക്കം ചെയ്യും. അതിന് ശേഷം ജഗതി സംസാരിച്ചു തുടങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ജഗതി ഇപ്പോള്‍ എല്ലാവരേയും തിരിച്ചറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
നടന്റെ കാലിലെ കമ്പി നീക്കം ചെയ്തിട്ടില്ല. ചികിത്സയുടെ ഭാഗമായി നടനെ എന്നും വീല്‍ചെയറില്‍ പുറത്തേയ്ക്ക് കൊണ്ടു പോകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ഏപ്രില്‍ 12ന് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റിയത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.
തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില വഷളാക്കിയത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല