1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയേക്കും. കഴിഞ്ഞ ആഴ്ച വെല്ലൂരിലേക്ക് മാറ്റാന്‍ തയാറെടുത്തിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ ജഗതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ് എത്തിച്ചാകും ജഗതിയെ വെല്ലൂരിലേക്ക് കൊണ്ടുപോകുക. ഫിസിയോതെറാപ്പിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റുന്നത്. നേരത്തെ വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിംസ് ആശുപത്രിയില്‍ എത്തി ജഗതിയെ പരിശോധിച്ചിരുന്നു.

തിങ്കളാഴ്‌ച കൊണ്ടുപോകാമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും ബന്ധുക്കള്‍ ചൊവ്വാഴ്‌ചയാണ്‌ നിര്‍ദ്ദേശിച്ചതെന്നറിയുന്നു. നിലവിലുള്ള ആരോഗ്യസ്ഥിതി തുടര്‍ന്നാല്‍ ചൊവ്വാഴ്‌ച തന്നെ വെല്ലൂരിലേക്ക്‌ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ മിംസ്‌ ആശുപത്രി അധികൃതര്‍. മെച്ചപ്പെട്ട ന്യൂറോ ചികില്‍സയ്‌ക്കായാണ്‌ ജഗതിയെ വെല്ലൂരിലേക്ക്‌ കൊണ്ടുപോകുന്നത്‌. നേരത്തെയുണ്ടായിരുന്ന പനി കുറഞ്ഞു. രക്തസമ്മര്‍ദ്ദവും ശരിയായ രീതിയിലായി. എന്നാല്‍ ഭക്ഷണം ട്യൂബിലൂടെയാണ്‌ നല്‍കുന്നത്‌.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 10നാണ്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്‌ക്ക്‌ സമീപം പാണമ്പ്രയില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയാണ്‌ അപകടമുണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍ ജഗതിക്കും ഡ്രൈവര്‍ അനില്‍കുമാറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന്‌ മിംമ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജഗതിക്ക്‌ ഇതുവരെ ഏഴോളം ശസ്‌ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉഡുപ്പിയിലേക്ക്‌ പോകുംവഴിയാണ്‌ ജഗതിക്ക്‌ അപകടം സംഭവിച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.