തിരുവനന്തപുരം:വാഹനാപകടത്തില്‍ പരിക്കേറ്റശേഷം പൂര്‍ണആരോഗ്യവാനായി വെള്ളിത്തിരയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ ചിരിയുടെ തമ്പുരാന് ജഗതി ശ്രീകുമാര്‍ ആദിവാസിമൂപ്പന്റെ ചികിത്സയ്ക്കു വിധേയനാകുന്നു. ഇതിനായി ജഗതിയെ നാളെ വയനാട്ടില്‍ കൊണ്ടു വരുമെന്നാണ് അറിയുന്നത്. ഇവിടെ തിരുനെല്ലി പഞ്ചായത്തിലെ കാളിക്കൊല്ലിയിലുള്ള വംശീയവൈദ്യന്‍ കേളുവിന്റെ ചികിത്സയാണ് ജഗതിക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. ഫിസിയോതെറാപ്പിയെക്കാള് ഗുണകരം വംശീയവൈദ്യത്തിലുണ്ടെന്നതിനാലാണ് ജഗതിയെ വയനാട്ടില്‍ ചികിത്സയ്ക്കെത്തിക്കാന്‍ തീരുമാനമായത്. ജഗതിക്ക് താമസിക്കുന്നതിന് വൈദ്യന്റെ ചികിത്സാലയത്തിന് സമീപമുള്ള വീട്ടില്‍ സൗകര്യം ഒരുക്കിവരികയാണ്. വയനാടിന് പുറത്തും പേരെടുത്ത വംശീയവൈദ്യനാണ് കുറിച്യ സമുദായാംഗമായ കേളുവൈദ്യന്. അലോപ്പതി ചികിത്സയില്‍ മാറാത്ത രോഗങ്ങളും ഇദ്ദേഹം ഭേദപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 10ന് കോഴിക്കോട് തേഞ്ഞിപ്പലത്തിന് സമീപം ഉണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ജഗതിയെ ആദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല