1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

പരിസ്ഥിതി വാദികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന പരാജയമായ പഴയ റഞ്ച് റോവറില്‍ നിന്ന് പരിസ്ഥിതിക്ക് അനുയോജ്യമായ സൂപ്പര്‍ ഗ്രീന്‍ ഹൈബ്രിഡ് കാര്‍ വികസിപ്പിച്ചുകൊണ്ട ടാറ്റ അത്ഭുതം കാട്ടുന്നു. ടാറ്റയുടെ ആദ്യത്തെ സൂപ്പര്‍ ഗ്രീന്‍ ഡീസല്‍ ഇലക്ട്രിക് ഹൈബ്രിഡ് വാഹനമാണ് ഇത്. ഹോളിവുഡിലേയും ബ്രിട്ടനിലേയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ വച്ചാണ് ടാറ്റ തങ്ങളുടെ പുതിയ ജാഗ്വര്‍ റേഞ്ച് റോവര്‍ പുറത്തിറക്കിയത്. ബ്രട്ടീഷ് കാര്‍ നിര്‍മ്മാണ രംഗത്ത് പുതുതായി 37 കോടി പൗണ്ടിന്റെ അധിക നിക്ഷേപം നടത്തുമെന്നും റേഞ്ച് റോവര്‍ പ്രഖ്യാപിച്ചു.

അന്തരീക്ഷ മലിനീകരണം പരമാവധി കുറഞ്ഞതും മികച്ച ഇന്ധന ക്ഷമതയുളളതുമായ വാഹനമാണ് ടാറ്റ ഇവിടെ പുറത്തിറക്കിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും ഏത് കാലാവസ്ഥയിലും സുഖകരമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഇതെന്ന് ടാറ്റ പറഞ്ഞു. ബ്രട്ടീഷ് എയര്‍വെയ്‌സിലെ ബിസിനസ്സ് ക്ലാസില്‍ യാത്ര ചെയ്യുന്ന അനുഭൂതിയാണ് ജാഗ്വാര്‍ റേഞ്ച് റോവറിലെ യാത്ര വാഗ്ദാനം ചെയ്യുന്നതെന്ന് ലോഞ്ചിംഗ് വേളയില്‍ ടാറ്റയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്ന് ലിറ്ററിന്റെ V6 ടര്‍ബോ ചാര്‍ജ്ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഇതിനുളളത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്റഗ്രല്‍ ഇലക്ട്രിക് മോട്ടോര്‍ എഞ്ചിന് കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തുന്നു. പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് പരമാവധി കുറവാണ് എന്നതാണ് ഇതിനെ പരിസ്ഥിതിയോട് ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നത്. ഏഴ് സെക്കന്‍ഡിനുളളില്‍ അറുപത് മൈല്‍ വേഗം ആര്‍ജ്ജിക്കാന്‍ ഇതിന് കഴിയും.

അലൂമിനിയം കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട വാഹനങ്ങളേക്കാള്‍ പരമാവധി ഭാരം കുറവാണ്. റീസൈക്കിള്‍ ചെയ്ത 29.000 കാനുകളില്‍ നിന്നാണ് വാഹനത്തിന് ആവശ്യമായ അലൂമിനിയം വേര്‍തിരിച്ച് എടുത്തിട്ടുളളത്. വാഹനത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ആവശ്യമായ പ്ലാസ്റ്റിക്കും ഇത്തരത്തില്‍ പാഴ് വസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയാണ് ചെയ്തത്. വാഹനത്തിന്റെ എണ്‍പത്തി അഞ്ച് ശതമാനവും ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പ്രകൃതിയോട് ഏറെ ഇണങ്ങിയ രൂപകല്‍പ്പനയും വാഹനത്തെ വേറിട്ട് നിര്‍ത്തുന്നു.

സ്റ്റോപ്പ് സ്റ്റാര്‍ടട് ടെക്‌നോളജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുളളത്. അന്തരീക്ഷ മലിനീകരണം അറ്റവും കുറയ്ക്കാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യയ്ക്ക് വളരെ കുറച്ച് ഇന്ധനം മതിയെന്നതാണ് മറ്റൊരു പ്രത്യേകത. ടര്‍ബോ ഡീസല്‍ എഞ്ചിനോട് ചേര്‍ന്നുളള ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ചേര്‍ന്നാണ് വാഹനത്തെ ഹൈബ്രിഡ് ആക്കുന്നത്. വാഹനം ബ്രേക്ക് ചെയ്യുമ്പോഴും വേഗത കുറയ്ക്കുമ്പോഴും ഉണ്ടാകുന്ന ഊര്‍ജ്ജം ബാറ്ററിയില്‍ സ്‌റ്റോര്‍ ചെയ്യപ്പെടുകയും പിന്നീട് സാധാരണ നിലയില്‍ വാഹനം ഓടുമ്പോള്‍ ഈ ഇലക്ട്രിക് ഊര്‍ജ്ജം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതുവഴി ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൈബ്രിഡ് എഞ്ചിനില്ലാതെ സാധാരണ എഞ്ചിനായും വാഹനങ്ങള്‍ ലഭ്യമാണ്.

റേഞ്ച് റോവര്‍ ശ്രേണിയിലെ നാലാം തലമുറ വാഹനമാണ്. വാഹനത്തിന്റെ ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. ജനുവരി മുതല്‍ വാഹനം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ടാറ്റ അധികൃതര്‍ പറയുന്നുത്. 71,295 പൗണ്ട് മുതല്‍ ഒരു ലക്ഷം പൗണ്ടുവരെയാണ് റേഞ്ച് റോവറിന്റെ വിവിധ മോഡലുകളുടെ വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.