ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന് റിക്കോര്‍ഡ് ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.51 ബില്യണ്‍ ലാഭം നേടിയാണ് ലാന്‍ഡ് റോവര്‍ റിക്കാര്‍ഡ് സൃഷ്ടിച്ചത്. ചൈനയിലും മറ്റ് രാജ്യങ്ങളിലും ലാന്‍ഡ് റോവര്‍ വാഹനത്തിന് ആവശ്യക്കാരേറിയതാണ് നേട്ടം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31വരെയുളള ഒരു സാമ്പത്തിക വര്‍ഷകാലത്ത് 341,433 വാഹനങ്ങളാണ് ജാഗ്വര്‍ വിറ്റഴിച്ചത്. ഇത് ജാഗ്വറിന്റേയും ലാന്ഡ്റോവറിന്റേയും ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷം ഇത്രയും വാഹനം വിറ്റഴിക്കുന്നത്.
അതായത് കമ്പനിയുടെ വരുമാനം 13.5 ബില്യണ്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.51ബില്യണാണ് പ്രീ ടാക്സ് ലാഭം.കഴിഞ്ഞ വര്‍ഷം ഇത് 1.1 ബില്യണായിരുന്നു. ലാന്‍ഡ് റോവറിന് ചൈനയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 76ശതമാനം വളര്‍ച്ചയുണ്ടായി.50,994 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ വിറ്റഴിച്ചത്. യൂറോസോണ്‍ പ്രതിസന്ധിക്കിടയിലും യൂറോപ്പില്‍ കാര്യമായ വിറ്റ് വരവ് നേടാന്‍ കഴിഞ്ഞതും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ കാര്‍ വിപണി മാന്ദ്യം നേരിടുന്ന അവസ്ഥയിലാണ് റേഞ്ച് റോവറിന് റിക്കോര്‍ഡ് ലാഭം കിട്ടിയതെന്നും ശ്രദ്ധേയമാണ്.
ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും വലിയ വിപണിയായ യുകെയില്‍ കഴിഞ്ഞ വര്‍ഷം 3.2 ശതമാനം വളര്‍ച്ചയോടെ 60,022 വാഹനങ്ങള്‍ വിറ്റുപോയി. നോര്‍ത്ത് അമേരിക്കയില്‍ 15.4 ശതമാനം വളര്‍ച്ചയോടെ 58,003 വാഹനങ്ങളും റഷ്യയില്‍ 38.1 ശതമാനം വളര്‍ച്ചയോടെ 16,142 വാഹനങ്ങളും ജര്‍മ്മനിയില്‍ 22.3 ശതമാനം വളര്‍ച്ചയോടെ 13,675 വാഹനങ്ങളും ഈ സാമ്പത്തിക വര്‍ഷം വിറ്റുപോയി. ഫ്രാന്‍സ് 57.4 ശതമാനം വളര്‍ച്ചയും സ്പെയ്ന്‍ 18.1 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. പുതിയ റിസല്‍ട്ട് കമ്പനിക്ക് ആത്മവിശ്വാസം നല്‍കുന്നതായും ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ രണ്ട് ബ്രാന്‍ഡുകള്‍ക്കും നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് റാല്‍ഫ് സ്പെത്ത് പറഞ്ഞു.
പൂട്ടിപ്പോകുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ കമ്പനിയായ ടാറ്റ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുക്കുന്നത്.നഷ്ട്ടത്തില്‍ നിന്നും നഷ്ട്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരുന്ന കമ്പനിയെ ഏറ്റെടുത്തതിനെ സാഹസികം എന്നാണു പലരും വിശേഷിപ്പിച്ചത്.സാമ്പത്തിക മാന്ദ്യം ആരംഭിച്ച 2008 ല്‍ ഫോര്‍ഡ് കമ്പനിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്സ് ജാഗ്വാറിനെ വാങ്ങിയത്.മാന്ദ്യത്തില്‍ പൊട്ടിയ ബാങ്കുകള്‍ക്കു പണം വാരിക്കൊടുത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ ടാറ്റയുടെ സഹായധനത്തിനുള്ള ആവശ്യം തിരസ്ക്കരിച്ചു.എന്നിട്ടും കര്‍ശനമായ നടപടികള്‍ സ്വീകരിച്ച ടാറ്റ കമ്പനിയെ ലാഭത്തില്‍ എത്തിക്കുകയായിരുന്നു.യു കെ കേന്ദ്രമായുള്ള കാര്‍ നിര്‍മാണ കമ്പനികളില്‍ ഏറ്റവും ലാഭാകരമായത് ജാഗ്വാര്‍ ആണെന്നുള്ളതും ഇന്ത്യന്‍ ബിസിനസ് തന്ത്രങ്ങളുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല