സ്വന്തം ലേഖകന്‍: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായ അഞ്ചു മലയാളികള്‍ക്ക് മോചനം. എറണാകുളം എളമക്കര സ്വദേശി തരുണ്‍ബാബു, അങ്കമാലി സ്വദേശി നിധിന്‍ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരാണ് മൂന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നത്. കടല്‍കൊള്ളക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ ഇവര്‍ ചൊവ്വാഴ്ചയാണ് മോചിതരായത്.
ജയില്‍ മോചിതരായ യുവാക്കളെ ടോഗോയിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് താമസിപ്പിച്ചിരിക്കുകയാണ്. യാത്രാരേഖകള്‍ ശരിയായാല്‍ ഉടന്‍ ഇവര്‍ നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോഗോ ജയിലിലുള്ള മലയാളികള്‍ ഉടന്‍ നാട്ടിലെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ സ്ഥിരീകരിച്ചു. അറിയിച്ചു.
2013 ജൂലൈയിലാണ് മലയാളികള്‍ ടോഗോയില്‍ അറസ്റ്റിലായത്. കപ്പല്‍ ജോലിക്കാരായി ടോഗോയില്‍ ഇറങ്ങിയ ഇവരെ കടല്‍കൊള്ളക്കാരെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ടോഗോയില്‍ കപ്പല്‍ ക്യാപ്റ്റനായിരുന്ന തേവര സ്വദേശിയായ അരുണ്‍ ചന്ദ്രയാണ് കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി ഇവരെ ടോഗോയിലെത്തിച്ചത്. ‘ക്രോസ് വേള്‍ഡ് മറൈന്‍ സര്‍വീസ്’ എന്ന ഷിപ്പിംഗ് കമ്പനി ആരംഭിക്കുന്നെന്നും അതിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് അരുണ്‍ ഇവരെ ടോഗോയിലേക്ക് കൊണ്ടുപോയത്.
അരുണിന്റെ തേവരയിലെ വീട്ടില്‍വെച്ചാണ് റിക്രൂട്ട്‌മെന്റ് നടപടി പൂര്‍ത്തിയാക്കിയത്. ജൂണ്‍ 21ന് ഖത്തര്‍ എയര്‍വെയ്‌സില്‍ പുറപ്പെട്ട ഇവര്‍ കാസബ്ലാങ്ക വഴി അടുത്ത ദിവസം ടോഗോയിലെ ലോമിലെത്തി. ലോമിലെത്തിയ ഇവരെ അരുണ്‍ചന്ദ്രയും ഭാര്യാ സഹോദരനായ നവീന്‍ ഗോപിയും ചേര്‍ന്ന് ഹോട്ടലില്‍ താമസിപ്പിച്ചു. പുതിയ പ്രോജക്ട് ആരംഭിക്കാന്‍ അല്പസമയമെടുക്കുമെന്നും അതുവരെ ഹോട്ടലില്‍ താമസിക്കാനും ഇവര്‍ നിര്‍ദേശിച്ചു.
ജൂലായ് 15ന് അരുണും നവീനും ചേര്‍ന്ന് നാലുപേരെയും ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന കപ്പലിലേക്ക് കൊണ്ടുപോയി. കപ്പലിന് സുരക്ഷാ ഭീഷണിയുണ്ടെന്നും കുറച്ചു ദിവസംകൂടി ഹോട്ടലില്‍ തങ്ങേണ്ടി വരുമെന്നും അരുണും നവീനും പറഞ്ഞു. എന്നാല്‍, ജൂലായ് 18ന് ഹോട്ടലില്‍വച്ച് അരുണ്‍, നവീന്‍ എന്നിവരടക്കം ആറു പേരെയും ടോഗോ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
2015ല്‍ കോടതി ഇവര്‍ക്കു നാലു വര്‍ഷം തടവും 90 കോടി സിഎഫ്എ ഫ്രാങ്ക് പിഴയും ( 14 ലക്ഷം യുഎസ് ഡോളര്‍) ശിക്ഷിച്ചു. കേസ് നടപടികള്‍ മനസ്സിലാക്കാനോ തങ്ങളുടെ നിരപരാധിത്വം തെളിക്കാനായുള്ള നിയമ സഹായമോ ഇവര്‍ക്കു ലഭിച്ചില്ല. നാട്ടിലെ ബന്ധുക്കള്‍ രാഷ്ട്രപതി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്കു പരാതി നല്‍കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെയാണ് മോചന ശ്രമത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇടപെടുന്നത്.
നിയമ സഹായം നല്‍കാനായി ദോഹയിലെ അഭിഭാഷകനായ നിസാര്‍ കോച്ചേരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തിനിടെ ആറു തവണ നിസാര്‍ ടോഗോയിലെത്തി കേസ് നടത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. ശിക്ഷ തീരാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണു മോചനം. കോടതി പിഴയായി വിധിച്ച വന്‍തുക ഇളവു ചെയ്തതാണ് ഇവരുടെ മോചനത്തിന് വഴിതെളിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല