സ്വന്തം ലേഖകന്‍: ഹഖാനി ഭീകരശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി അഫ്ഗാന്‍ താലിബാന്‍. കാബൂളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു നേര്‍ക്ക് 2008ല്‍ ആക്രമണം നടത്തി 58 പേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹഖാനി ശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മരണവിവരം അഫ്ഗാന്‍ താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
മരണം നടന്ന കൃത്യമായ ദിവസമോ സ്ഥലമോ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല. പത്തുവര്‍ഷമായി പക്ഷാഘാതം മൂലം രോഗശയ്യയിലായിരുന്ന ജലാലുദ്ദീന്‍ മരിച്ചെന്നു നേരത്തെയും പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും താലിബാന്‍ നേരിട്ടു പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്. ജലാലുദ്ദീന്‍ രോഗശയ്യയിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ സിറാജുദ്ദീനാണ് ഏറെ നാളായി ഭീകരശൃംഖലയുടെ നേതാവ്.
അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യക്കാരനായ ജലാലുദ്ദീന്‍ 1970കളിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിത്തുടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തെ എതിര്‍ത്ത അദ്ദേഹത്തിന് അമേരിക്കന്‍ സിഐഎയുടെ പിന്തുണ കിട്ടി. പിന്നീട് താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് താലിബാന്‍ സര്‍ക്കാരിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ ജലാലുദ്ദീന്‍ പാക്കിസ്ഥാനിലേക്കു കടന്നു.
2012ല്‍ ഹഖാനി ഗ്രൂപ്പിനെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി.ഉസാമ ബിന്‍ലാദനുമായി അടുപ്പത്തിലായിരുന്ന ജലാലുദ്ദീനാണ് അദ്ദേഹത്തിന് അഫ്ഗാനിസ്ഥാനില്‍ ഭീകരക്യാന്പുകള്‍ സ്ഥാപിക്കാന്‍ ഒത്താശ ചെയ്തത്. പാക്കിസ്ഥാനിലെ നൗഷേരയിലെ ദാരുള്‍ ഉലും ഹഖാനിയയിലായിരുന്നു ജലാലുദ്ദീന്റെ വിദ്യാഭ്യാസം. അഫ്ഗാനിസ്ഥാനില്‍ യുഎസ്, നാറ്റോ സേനകള്‍ക്ക് എതിരേ നിരവധി ആക്രമണങ്ങള്‍ ഹഖാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല