സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ച് ജല്ലിക്കട്ട് മെക്കിംഗ് ടീസര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്. ഫ്രൈഡെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ സാഹസികമായി ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ടീസറില്‍ ഉണ്ട്.
2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളില്‍ എത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.
‘ജല്ലിക്കെട്ട്’ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 2 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബര്‍ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ജല്ലിക്കെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല