സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയില്‍നിന്നും കണ്ടെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സുലല്‍ ജനറലിന്റെ വസതിയില്‍ പൂന്തോട്ടത്തിലുള്ള കിണറിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ശരീരം പലകഷണങ്ങളാക്കുകയും മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമാക്കുകയും ചെയ്തു. തുര്‍ക്കി റോഡിന പാര്‍ട്ടി നേതാവ് ഡോഗു പെറിന്‍ചെക് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ തുര്‍ക്കി പോലീസ് സൗദി കോണ്‍സുലേറ്റും കോണ്‍സുലറുടെ ഈസ്താംബൂളിലെ വസതിയും പരിശോധിച്ചിരുന്നു. യു എസിലെ വിര്‍ജീനിയയില്‍ താമസിച്ചിരുന്ന സൗദി സ്വദേശിയായ ഖഷോഗി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. ഇതിനിടെ സംഘര്‍ഷത്തില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദിയുടെ വിശദീകരണം.
അതേസമയം ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനായിരുന്ന സൗദ് അല്‍ ഖതാനിയെന്ന് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളാണ് സൗദ് അല്‍ ഖതാനി. ഖഷോഗ്ഗിയെ കൊലപ്പെടുത്താന്‍ സ്‌കൈപ്പ് വഴി ഇയാള്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരുടെ വിവരങ്ങള്‍ സൗദി പുറത്ത് വിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന് ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ചോദിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്നു തുര്‍ക്കി പ്രസിഡന്റ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല