സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണു വാഷിംഗ്ടണ്‍ പോസ്റ്റിലെ പംക്തികാരനായ ഖഷോഗി കൊല്ലപ്പെട്ടതെന്നു സൗദി അറേബ്യ സമ്മതിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. സംഭവിച്ച മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെപി) വക്താവ് ഒമര്‍ സിലിക് പറഞ്ഞു.
മുന്‍കൂട്ടി ആരെയും സംശയമുനയില്‍ നിര്‍ത്തുന്നില്ല. എന്നാല്‍എന്തെങ്കിലും മൂടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ തുര്‍ക്കി പോലീസ് സൗദി കോണ്‍സുലേറ്റും കോണ്‍സുലറുടെ ഈസ്താംബൂളിലെ വസതിയും പരിശോധിച്ചിരുന്നു. യുഎസിലെ വിര്‍ജീനിയയില്‍ താമസിച്ചിരുന്ന സൗദി സ്വദേശിയായ ഖഷോഗി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്.
ഇതിനിടെ സംഘര്‍ഷത്തില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദിയുടെ വിശദീകരണം. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നും മൃതശരീരം കഷ്ണങ്ങളാക്കിയെന്നുമാണ് തുര്‍ക്കിയുടെ കണ്ടെത്തല്‍. സൗദിയുടെ ഈ നീചകൃത്യത്തിന് തങ്ങളുടെ പക്കല്‍ വീഡിയോഓഡിയോ ദൃശ്യങ്ങളുണ്ടെന്നും ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞിരുന്ന സൗദി പിന്നീട് കുറ്റം സമ്മതിച്ചു. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക് ശേഷം ഖഷോഗ്ജി കൊല്ലപ്പെട്ടെന്നാണ് സൗദി അറ്റോണി ജനറല്‍ അറിയിച്ചത്. സംഭവത്തില്‍ സൗദി അറേബ്യ ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തലവനേയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവിനേയും സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല