1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ ദുരൂഹമരണം; പുതിയ വെളിപ്പെടുത്തലുമായി സൗദി ഉദ്യോഗസ്ഥന്‍ രംഗത്ത്; സൗദി രഹസ്യാന്വേഷണ വിഭാഗത്തെ ശുദ്ധീകരിക്കാന്‍ സല്‍മാന്‍ രാജാവ്. പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് സൗദി അറേബ്യയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ വിശദീകരണങ്ങളിലെ പല വാദങ്ങള്‍ക്കും വിരുദ്ധമായാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഖഷോഗ്ഗിയുമായി ഏറ്റുമുട്ടാന്‍ 15 പേരടങ്ങിയ സൗദി സംഘത്തെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിക്ക് അയച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുതിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 2ന് കോണ്‍സുലേറ്റില്‍ കടന്ന സംഘം ഖഷോഗ്ഗിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടല്‍ നടക്കുകയും ഖഷോഗ്ഗിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഖഷോഗ്ഗി കോണ്‍സുലേറ്റ് വിട്ടുപോയെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘത്തിലെ ഒരാള്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങളണിഞ്ഞ് പുറത്തു കടക്കുകയും ചെയ്തുവെന്ന് പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

നേരത്തെ ഖഷോഗ്ഗിയുടെ തിരോധാനത്തില്‍ യാതൊരു പങ്കുമില്ലെന്ന് വാദിച്ച സൗദി സര്‍ക്കാര്‍ ശനിയാഴ്ച കോണ്‍സുലേറ്റിലുണ്ടായ മല്‍പ്പിടുത്തത്തിനിടെ അദ്ദേഹം മരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.

ഖഷോഗ്ഗി കൊല്ലപ്പെട്ട സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം നവീകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനം മുഴുവന്‍ നവീകരിക്കുന്നതിന് മന്ത്രിതല സമിതിയെയും പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സമിതിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുനഃക്രമീകരണത്തിന് നേതൃത്വം നല്‍കുക.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.