സ്വന്തം ലേഖകന്‍: ഖഷോഗ്ഗി കൊല്ലപ്പെട്ടത് മല്‍പ്പിടിത്തത്തിനിടെ; കുറ്റസമ്മതം നടത്തി സൗദി; പിന്നില്‍ സൗദി കിരീടാവകാശിയുടെ ഉപദേശകന്‍ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും
കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി തുര്‍ക്കിയിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വെച്ച് മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടതായി ഒടുവില്‍ സൗദി അറേബ്യ സമ്മതിച്ചു. വാഷിങ്ടണ്‍ പോസ്റ്റിന്റെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായത്.
ഖഷോഗിയുടെ കൊലപാതകത്തില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഒരു ഡസനിലധികം ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോണ്‍സുലേറ്റില്‍ വെച്ചുണ്ടായ തര്‍ക്കം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായും മന്ത്രാലയം അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതാണ് റിപ്പോര്‍ട്ട്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ഖഷോഗ്ഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി തുര്‍ക്കി നേരത്തെ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിരസിക്കുകയായിരുന്നു. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍ കുറ്റസമ്മതം നടത്താന്‍ സൗദിയെ പ്രേരിപ്പിച്ചത്. സൗദിയില്‍ നടക്കേണ്ട ബിസിനസ് കോണ്‍ഫറന്‍സില്‍ നിന്ന് ഫ്രാന്‍സ്, യുഎസ്.എ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും പ്രമുഖ ഐടി കമ്പനികളും നേരത്തെ പിന്‍മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല