സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം രാജ്യാന്തരതലത്തില്‍ സൗദിയെ നാണംകെടുത്തിയതായി വിലയിരുത്തല്‍; ചീത്തപ്പേരില്‍നിന്നു കരകയറാന്‍ തീവ്രശ്രമവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ഖഷോഗിയുടെ മകന്‍ സലാഹ് സൗദി വിട്ടു. ജമാല്‍ ഖഷോഗി വധമുണ്ടാക്കിയ ചീത്തപ്പേരില്‍നിന്നു കരകയറാന്‍ സൗദിയുടെ തീവ്രശ്രമം. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗി വധത്തെക്കുറിച്ച് ആദ്യമായി നടത്തിയ പരസ്യ പ്രതികരണം ഇതിന്റെ തെളിവായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ മൂലം, സൗദിയിലെ പരിഷ്‌കരണശ്രമങ്ങള്‍ പാളം തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സംഭവിച്ചത് ന്യായീകരിക്കാവുന്നതല്ല. എല്ലാവരും അതീവ ദുഃഖിതരാണ്,’ അദ്ദേഹം പറഞ്ഞു. അതിനിടെ ജമാല്‍ ഖഷോഗ്ഗിയുടെ മൂത്ത മകന്‍ സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു. സൗദി, യുഎസ് വീസകളുണ്ടായിരുന്ന സലാഹിന് നേരത്തെ സൗദി വിട്ടുപോകാന്‍ വിലക്കുണ്ടായിരുന്നു. സലാഹ് എവിടേയ്ക്കാണു പോയതെന്നോ യാത്രാവിലക്കു നീക്കിയിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സലാഹിനെയും സഹോദരനെയും കൊട്ടാരത്തില്‍ വിളിച്ചുവരുത്തി ഖഷോഗിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ഇതിനിടെ, ഖഷോഗിയുടെ കൊലപാതകം മുന്‍കൂര്‍ ആസൂത്രണം ചെയ്തതാണെന്നു സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സൗദി, തുര്‍ക്കി സംയുക്ത അന്വേഷണ സംഘം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല