സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ സൗദി അറേബ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍.
ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്‌തെന്ന് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. അദ്ദേഹം കോണ്‍സുലേറ്റില്‍ കടന്ന ഉടന്‍തന്നെ കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കി പ്രോസിക്യൂട്ടര്‍ പറയുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദി നല്‍കിയ വിശദീകരണം.
ഇതിനിടെ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സൗദി ചീഫ് പ്രോസിക്യൂട്ടറും തുര്‍ക്കിയിലെ കോണ്‍സുലേറ്റിയിലെത്തിയിരുന്നു. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതാരാണെന്ന് അന്വേഷിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ സൗദി ചീഫ് പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല