സ്വന്തം ലേഖകന്‍: ‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെക്കാന്‍ സൗദിയെ ഒരിക്കലും ട്രംപ് അനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് അഭ്യര്‍ഥിച്ചു.
ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പല രാഷ്ട്രതലവന്‍മാരുടെയും നിലപാടില്‍ താന്‍ നിരാശയാണ്. പ്രത്യേകിച്ച് യുഎസിന്റെ നിലപാടെന്നും കെംഗിസ് ലണ്ടനില്‍ നടന്ന ഖഷോഗ്ഗി അനുസ്മരണ ചടങ്ങില്‍ പറഞ്ഞു. സത്യം പുറത്തുക്കൊണ്ടുവരുന്നതിനും നീതി ലഭ്യമാക്കുന്നതിനും ട്രംപ് സഹായിക്കണം. തന്റെ പ്രതിശ്രുത വരന്റെ കൊലപാതകം മൂടിവെക്കാനുള്ള ശ്രമം അനുവദിക്കരുത്.
ഖഷോഗ്ഗിയുടെ മൃതദേഹം എവിടെയാണെന്ന് ദുഷ്ട കുറ്റവാളികളും ഭീരുക്കളായ രാഷ്ട്രീയ യജമാനന്‍മാരുമായ സൗദി ഭരണാധികരികള്‍ക്ക് അറിയാമെന്നും ഹാറ്റിസ് തുറന്നറിച്ചു. തുര്‍ക്കി സ്വദേശിയാണ് ഹാറ്റിസ് കെംഗിസ്. ഇവര്‍ക്കൊപ്പം ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ഗിയെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെ ഖഷോഗ്ഗി അബദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൗദി നല്‍കുന്ന വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല