സ്വന്തം ലേഖകൻ: ബോണ്ട്… ദ് നെയിം ഈസ്… ജെയിംസ് ബോണ്ട്…’, ഹോളിവുഡ് സിനിമകളെക്കുറിച്ച് തെല്ലും അറിവില്ലാത്തവർക്കിടയിലും തരംഗമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ‘ദ കോൾഡ് ബ്ളഡ്ഡഡ്’ ബ്രിട്ടീഷ് സ്പൈ ഏജന്റ്, സാക്ഷാൽ ജെയിംസ് ബോണ്ട്. ഇപ്പോൾ ബോണ്ട് ആരാധകർക്കിടയിൽ തരംഗമാകുന്നത് പുതിയ ചിത്രത്തിലൂടെ ബോണ്ട് കഥാപാത്രമായി വേഷമിടാനൊരുങ്ങുന്ന ആരോൺ ടെയ്‌ലർ ഫിഞ്ചാണ് എന്ന ബ്രിട്ടീഷ് താരമാണ്.
1953ലാണ് ഇയാൻ ഫ്ലെമിങ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ലോകത്താരെയും കൊല്ലാനുള്ള ലൈസന്‍സ്, കോൾഡ് ബ്ലഡ്ഡഡ് ഏജന്റ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യ ബുദ്ധിശക്തി, 007 എന്ന കോഡ് നാമം, ചീറിപ്പായുന്ന വെടിയുണ്ടകളുടെ അപരൻ എന്നി വിശേഷണങ്ങളിൽ അറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് അക്ഷരങ്ങളിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയത് പക്ഷെ കുറച്ചു വർഷം കൂടി കഴിഞ്ഞിട്ടാണ്. ആദ്യ ബോണ്ട് ചിത്രമായ ‘ഡോ നോ.’യിൽ നിന്ന് ‘നോ ടൈം ട്ടോ ഡൈ’ വരെ ഇയോൺ പ്രൊഡക്ഷൻസ് വകയായി എത്തിയത് 25 ബോണ്ട് ചിത്രങ്ങൾ. ആദ്യ ബോണ്ട് ചിത്രം പുറത്തിറങ്ങുന്നത് 1962ലാണ്.
6 വർഷം നീണ്ടു നിൽക്കുന്ന ബോണ്ട് ഫ്രാഞ്ചയ്‌സി ചരിത്രത്തിൽ അരഡസനിലധികം താരങ്ങളാണ് ജെയിംസ് ബോണ്ടായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഷോൺ കോൺറിയിൽ തുടങ്ങി ഡാനിയൽ ക്രെയ്ഗിലെത്തി നിൽക്കുമ്പോൾ കാലഘട്ടം മാറുന്നതിനനുസരിച്ച് ബോണ്ട് കഥാപാത്രങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഷോൺ കോൺറിയ്ക്ക് ശേഷം ഡേവിഡ് നിവെൻ, ജോർജ് ലാസെൻബൈ, റോജര്‍ മൂര്‍, തിമോത്തി ഡാൽട്ടൻ, പിയേഴ്സ് ബ്രോസ്നൻ, ഏറ്റവും ഒടുവിൽ ദീർഘകാലം ജെയിംസ് ബോണ്ടായി ആരാധകർക്ക് മുന്നിലെത്തിയ ഡാനിയൽ ക്രെയ്ഗ് എന്നിവരും ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരമാക്കി.
ഈ പട്ടികയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ബ്രിട്ടീഷ് താരം ആരോൺ ടെയ്‌ലർ ജോൺസൺ. ഡാനിയൽ ക്രെയ്ഗിന്‍റെ പിൻഗാമിയായി അവഞ്ചേഴ്‌സ് താരം എത്തുന്നുവെന്ന ആകാംക്ഷയിലാണ് ആരാധകർ. ആളുകൾ എന്നെ ജെയിംസ് ബോണ്ടായി സങ്കൽപ്പിക്കുന്നത് വലിയൊരു അഭിനന്ദനമായാണ് കാണുന്നതെന്നാണ് ആരോൺ ടെയ്‌ലർ പ്രതികരിച്ചത്. ജയിംസ് ബോണ്ട് ആയി വേഷമിടുന്ന എട്ടാമത്തെ താരമാണ് നോക്‌ടേണൽ അനിമൽസ്, കിക്ക്-ആസ്, നോവെർ ബോയ്, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആരോൺ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല