സ്വന്തം ലേഖകന്‍: ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം അവതാരം വരുന്നു, വിതരണ അവകാശത്തിനായി അണിയറയില്‍ പൊരിഞ്ഞ പോരാട്ടം. ജെയിംസ് ബോണ്ടിന്റെ 25 ആം ചലച്ചിത്ര അവതാരത്തിനായി ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുമ്പോള്‍ അണിയറയില്‍ സ്റ്റുഡിയോകളുടെ യുദ്ധം മുറുകുകയാണ്. പത്തു വര്‍ഷമായി സിനിമയുടെ വിതരണ അവകാശം കൈവശമുണ്ടായിരുന്ന സോണി എന്റര്ടെയ്ന്മെന്റിന്റെ കരാര്‍ അവസാനിച്ചതാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണം.
പുതിയ ചിത്രത്തിന്റെ അവകാശം നേടാന്‍ നിര്‍മാതാക്കളായ എംജിഎമ്മിന്റെയും ഇയോണിന്റെയും മുന്നില്‍ വമ്പന്മാരുടെ നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡനിയേല്‍ ക്രെയ്ഗ് നായകനായ കാസിനോ റോയല്‍ പുറത്തുവന്ന 2006 മുതല്‍ പത്തു വര്‍ഷമായി സിനിമയുടെ അവകാശം സോണി പിക്ചര്‍സ് എന്റര്ടെയ്ന്റ്മെന്റിനായിരുന്നു. നാലു ബോണ്ട് ചിത്രങ്ങള്‍ ഇറക്കിയ സോണി വാരിയത് 3.5 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ സോണിയുടെ കരാര്‍ 2015 ലെ സ്പെക്ടറിലൂടെ അവസാനിച്ചു.
ഇതോടെ ബോണ്ടിന്റെ കരാറിന് വേണ്ടി വാര്‍ണര്‍ ബ്രദേഴ്സും യൂണിവേഴ്സല്‍ പിക്ചേഴ്സും ട്വന്റിത്ത് സെഞ്ച്വറി ഫോക്സും അന്നാപൂര്ണ്ണ ചിക്ചേഴ്സും മത്സര രംഗത്തെത്തി. മുന്‍ കരാര്‍ പ്രകാരം സ്പെക്ട്രയുടെ നിര്‍മ്മാണത്തില്‍ 50 ശതമാനം വഹിച്ചത് സോണിയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സിനിമയുടെ 25 ശതമാനം ലാഭം മാത്രമാണ് കിട്ടിയത്. സ്കൈഫാളിന്റെ നേട്ടം സ്പെക്ടര് ഉണ്ടാക്കാതിരുന്നതും സോണിക്ക് തിരിച്ചടിയായി.
അതുകൊണ്ട് ബോണ്ട് കാര്യമായ നേട്ടം തന്നില്ല എന്ന ന്യായവുമായാണ് ഒരവസരം കൂടി സോണി ആവശ്യപ്പെടുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇയോണ്‍ തീരുമാനമെടുത്തിട്ടില്ല. ബോണ്ടിന്റെ ക്രീയേറ്റീവ് ടീം ക്രെയ്ഗിനെ തന്നെ ഒരു സിനിമയില്‍ കൂടി ബോണ്ടാക്കും എന്നാണ് സൂചനകള്‍. അമേരിക്കയില്‍ മാത്രം ഇതുവരെ 24 ചിത്രങ്ങളില്‍ നിന്നും 6 ബില്യണ്‍ ഡോളര്‍ നേടിയിട്ടുള്ള ബോണ്ട് ചിത്രങ്ങള്‍ക്ക് ലോകമെങ്ങും ആരാധകരുള്ളതാണ് കമ്പനികളെ കൊതിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല