സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ പോരാട്ടം രൂക്ഷം, സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാലു ഭീകരരും മരിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. ജമ്മു കശ്മീരിലെ ഹന്ത്വാര മേഖലയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ഭീകരവാദികളുമായി രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
മൂന്ന് ദിവസം മുമ്പ് ഹന്ത്വാര മേഖലയില്‍ തന്നെ നുഴഞ്ഞുകയറിയ ഭീകരവാദികളെ ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. അന്ന് മൂന്ന് പേരെ വധിക്കുകയും സജാദ് ഹുസൈന്‍ എന്ന പാക് ഭീകരനെ ഓഗസ്റ്റ് 28 ന് ജീവനോടെ പിടികൂടുകയും ചെയ്തു. അതിന് മുമ്പ് നവേദ് എന്ന ഭീകരനെയും പിടികൂടിയിരുന്നു.
ബാരമുള്ള മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ദിവസം മുമ്പ് ഒരു ഭീകരനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ അതിര്‍ത്തിയില്‍ ഭീകരവാദികളുടെ ആക്രണം ഓരോ ദിവസവും ശക്തമായി വരികയാണ്. ഇതോടൊപ്പം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റെ വെടിവപ്പും വര്‍ദ്ധിച്ചിട്ടുണ്ട്.
ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക മേധാവികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെറു യുദ്ധത്തിന് ഏത് നിമിഷവും തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശവും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല