സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാസിര്‍ അഹമ്മദ് ഖാനെ 10,700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഫാറൂഖ് അബ്ദുള്ള പരാജയപ്പെടുത്തിയത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീനഗില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഫാറൂഖ് അബ്ദുള്ളയെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ താരിഫ് ഹമീദ് കാര പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍, കശ്മീരില്‍ സാധാരണ ജനങ്ങളെ സൈന്യം കൊലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അദ്ദേഹം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ് വോട്ടായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. വിഘടനവാദികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 7.13 ശതമാനം വോട്ടു മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
പോളിംഗ് തടസ്സപ്പെടുത്തുന്നതിനായി നടന്ന നിരവധി സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വോട്ടിംഗ് തടസ്സപ്പെടുത്തുന്നതിനായി പോളിംഗ് സ്റ്റേഷനുകളായിരുന്ന നിരവധി സ്‌കൂളുകള്‍ വിഘടനവാദികള്‍ തീവെച്ച് നശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല