സ്വന്തം ലേഖകന്‍: ആശുപത്രി പരിശോധനക്ക് ചെന്നപ്പോള്‍ വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളറൊന്ന് ശരിയാക്കിയതാണ് ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ്. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പരിശോധിക്കാനായി എത്തിയതായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രി കോളര്‍ ശരിയാക്കുന്ന ഫോട്ടോ വൈറലായതോടെ മന്ത്രി പുലിവാലു പിടിച്ചു. ചൗധരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
മന്ത്രി ഡോക്ടറുടെ അടുത്തേക്ക് വരികയും, മകളെ നിന്റെ കോളര്‍ ശരിയല്ലെന്ന് പറഞ്ഞ് അത് ശരിയാക്കുകയായിരുന്നു എന്ന് പറയുന്നു സംഭവസ്ഥലത്ത് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്. സഹപ്രവര്‍ത്തകയെ ഉപദേശിച്ചുകൊണ്ട് മന്ത്രി സഹായിക്കുന്നതുകണ്ട സമീപത്തുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്ടര്‍ അവരുടെ കോട്ടിന്റെ കോളര്‍ ഉടനെ സ്വയം നേരെയാക്കുകയായിരുന്നുവെന്നും ആ ഉദ്യോഗസ്ഥന് പറയുന്നു.
പക്ഷേ, അവിടെ വേറെയും ആളുകളുണ്ടായിരുന്നു. അതുകൊണ്ട് മന്ത്രിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രിയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ നാണക്കേടെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
മറ്റുചിലരാകട്ട പ്രധാനമന്ത്രിയുടെ സെല്‍ഫി വിത്ത് ഡോട്ടറിനെ വിമര്‍ശിക്കാനും ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. ഇതാണോ സ്ത്രീകള്‍ക്ക് കൊടുക്കേണ്ട ബഹുമാനമെന്നാണ് അവര്‍ ചോദിക്കുന്നത്. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ കോട്ട് ധരിക്കാത്തതിന്റെ പേരില്‍ മറ്റൊരു വനിതാ ഡോക്ടറെ മന്ത്രി വഴക്കു പറഞ്ഞതും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവം തനിക്ക് മാനസികാഘാതം ഉണ്ടാക്കിയെന്ന് കാണിച്ച് ആ ഡോക്ടര്‍ മന്ത്രിക്കെതിരെ പരാതി നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല