1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സ്വന്തം ലേഖകന്‍: ജനഗണമന തിരുത്തണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ രംഗത്ത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് അധിനായക ജയ ഹേ എന്ന വരിയിലെ ‘അധിനായകന്‍’ എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിക്കുന്നതാണെന്ന വിശദീകരണവുമായി വിവാദ പുരുഷനായത്.

രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കല്യാണ്‍ സിംഗ്. ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറില്‍ തനിക്ക് പൂര്‍ണ വിശ്വാസവും ബഹുമാനവും ഉണ്ട്.

എന്നാല്‍ ദേശീയ ഗാനത്തിലെ അധിനായക അനുചിതമാണ്. വിദേശ അധിനിവേശ കാലത്തെ അനുസ്മരിപ്പിക്കുന്ന അത്തരമൊരു പ്രയോഗത്തിനു പകരം മംഗള്‍ എന്ന വാക്ക് ചേര്‍ക്കാം. ഗവര്‍ണറുടെ പേരിന് മുന്നില്‍ ചേര്‍ക്കുന്ന ‘മഹാന്‍’ പ്രയോഗം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഗള്‍ ഭരണാധികാരി അക്ബറിനല്ല രാജ്യത്തിന് പ്രചോദനമായിരുന്ന രജപുത് ഭരണാധികാരികള്‍ക്കാണ് മഹാന്‍ വിശേഷണം വേണ്ടതെന്ന് കഴിഞ്ഞ ദിവസം കല്യാണ്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. വിക്‌ടോറിയ രാജ്ഞിയല്ല ഝാന്‍സി റാണിയാണ്, ഔറംഗസേബല്ല ശിവജിയാണ് മഹാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിംഗ് ദേശീയഗാനത്തിന് തിരുത്തുമായി രംഗത്തെത്തിയത്. അതേസമയം, കല്യാണ്‍ സിംഗിന്റെ അഭിപ്രായത്തെ തള്ളി പശ്ചിമബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവ് തഥാഗത റോയിയും സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും രംഗത്തെത്തി.

സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം പിന്നിട്ട ഈ സാഹചര്യത്തില്‍ ദേശീയഗാനത്തില്‍ ഒരു തിരുത്തിന്റെ ആവശ്യവും ഇല്ലെന്ന് തഥാഗത റോയി പറഞ്ഞു. കല്യാണ്‍ സിംഗ് വെറുമൊരു ആര്‍ എസ് എസ് പ്രചാരകിനെ പോലെയാണ് സംസാരിക്കുന്നതെന്ന് വൃന്ദാ കാരാട്ടും പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.