അപ്പച്ചന് കണ്ണഞ്ചിറ (പ്രസ്റ്റണ്‍):യു കെ യിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ അനുഷ്ഠിച്ചു പോരുന്ന എട്ടുനോമ്പ് ആചരണത്തിന്റെ സമാപനവും സെപ്തംബര്‍ 8 നു വ്യാഴാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.ലേഡി വെല്ലില്‍ നടത്തപ്പെടുന്ന മരിയന്‍ തിരുന്നാള്‍ ആഘോഷം കൂടുതല്‍ ഗംഭീരവും,ഭക്ത്യാദരവും ആക്കുവാന് പള്ളി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പരിശുദ്ധ അമ്മ കപ്പലപകടത്തില്‍ പെട്ട യാത്രക്കാര്‍ക്ക് ‘ലേഡി വെല്‍’ കര കാണിച്ചു കൊടുക്കുകയും പാനം ചെയ്യുവാനായി ഒരു അരുവി തുറന്നു കൊടുക്കുകയും ചെയ്തുവെന്നാണ് ഈ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രത്തിന്റെ സവിശേഷമായ ഐതീഹ്യം. ഈ നീര്‍ച്ചാലിലെ ജലം അനവധിയായ അഭുത രോഗ സൗഖ്യങ്ങള്ക്കു നിദാനമാകുന്നു എന്ന് അനുഭവ സാക്ഷ്യങ്ങള്‍ പറയുന്നു.
പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സെപ്തംബര്‍ 8 നു വ്യാഴാഴ്ച വൈകുന്നേരം 5:00 മണിക്ക് ജപമാലസമര്പ്പണത്തോടെ ആരംഭിക്കും. ആഘോഷമായ തിരുന്നാള്‍ ദിവ്യ ബലി,മരിയന്‍ സന്ദേശം, ലദീഞ് തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.ആഘോഷമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രസ്റ്റണ്‍ വി.അല്‍ഫോന്‍സാ ഇടവക വികാരി ഫാ.മാത്യു ചൂരപൊയികയില്‍ നേതൃത്വം വഹിക്കും.
പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാള്‍ ഏവര്‍ക്കും അനുഗ്രഹങ്ങളുടെയും ഉദ്ദിഷ്ടകാര്യ സാഫല്യത്തിന്റെയും ഉറവിടം ആവുന്നതിലേക്കു പ്രാര്‍ത്ഥനയില്‍ ഒരുങ്ങിക്കൊണ്ട് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തി പുരസ്സരം പങ്കു ചേരുവാന്‍ മാത്യു അച്ചനും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ അസാധാരണവര്‍ഷത്തില്‍ മാതാവിന്റെ മാദ്ധ്യസ്ഥം തേടുന്ന തീര്‍ത്ഥാടനവും, പ്രാര്‍ത്ഥനകളും പ്രസ്റ്റണ്‍ രൂപതയുടെ ഉദ്ഘാടനവും,അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ മെത്രാഭിഷേകവും, സ്ഥാനാരോഹണമടക്കമുള്ള എല്ലാ ചടങ്ങുകളും അനുഗ്രഹപൂരീതമാക്കുവാന് സഹായകരമാവട്ടെ എന്നും പ്രത്യാശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല