1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2011


കേരളത്തിന്‍റെ വ്യവസായകേന്ദ്രമായ ജില്ലയില്‍ മൊത്തം പതിനാല് മണ്ഡലങ്ങള്‍. കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം.

കോതമംഗലം

ഭൂരിഭാഗം മലയോര മേഖല ഉള്‍പ്പെടുന്ന മണ്ഡലം. കേരള കോണ്‍ഗ്രസുകള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട്. കേരള കോണ്‍ഗ്രസ് ജെ യിലും, എമ്മിലുമായി ടി.എം ജേക്കബും കോണ്‍ഗ്രസിലെ വി.ജെ പൗലോസും മൂന്ന് തവണ വീതം തിരഞ്ഞെടുക്കപ്പെട്ടു. ടി.എം. ജേക്കബും ടി.യു. കുരുവിളയും മന്ത്രിമാരായി. കോതമംഗലം നഗരസഭയും കവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. കുട്ടമ്പുഴ പഞ്ചായത്താണ് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. എല്ലായിടത്തും ഭരണം യു.ഡി.എഫിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച വിജയമാണ് നേടിയത്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍, ശബരിപാത, ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം, വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍

മൂവാറ്റുപുഴ

കേരള കോണ്‍ഗ്രസ്സിനെയും സിപിഐയേയും കുറി മാറി മാറി തുണച്ചതാണ് ചരിത്രം. കേരള കോണ്‍ഗ്രസ്സുകള്‍ക്ക്് ശക്തമായ വേരോട്ടമുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ്, മാണി വിഭാഗങ്ങളുടെ സ്ഥാനാര്‍ഥിയായി ജോണി നെല്ലൂര്‍ മൂന്ന് തവണ വിജയിച്ചു. 1987നു ശേഷം ആദ്യമായി കഴിഞ്ഞ തവണയാണ് സി.പി. ഐ വീണ്ടും വിജയിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയും പഞ്ചായത്തുകളായ പോത്താനിക്കാട്, ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂര്‍ പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ആയവന പഞ്ചായത്തുകള്‍ കോതമംഗലം മണ്ഡലത്തില്‍ നിന്നും പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. നഗരസഭയിലും പോത്താനിക്കാട് പഞ്ചായത്തിലും മാത്രമാണ് ഇടതുഭരണമുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം. കാര്‍ഷികപ്രശ്‌നങ്ങള്‍, വികസനപ്രശ്‌നങ്ങള്‍, കുടുവെള്ളപദ്ധതികള്‍, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റല്‍ എന്നിവയായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കാണ് മണ്ഡലത്തില്‍ പൊതുവേ സ്വാധീനം.

പിറവം

കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലൊന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിടിച്ചടക്കി. ടി.എം ജേക്കബ് നാലു തവണയും വിജയിച്ചു. പി.സി.ചാക്കോ, ബെന്നി ബെഹനാന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖര്‍. ടി.എം.ജേക്കബും പി.സി.ചാക്കോയും മന്ത്രിമാരായി. പുനര്‍നിര്‍ണയത്തില്‍ ഇലഞ്ഞി, കൂത്താട്ടുകുളം പഞ്ചായത്തുകള്‍ പിറവം മണ്ഡലത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് പിറവം മണ്ഡലം. ഇവിടെയെല്ലാം ഭരണം യു.ഡി.എഫിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്‍തൂക്കം നേടി. വികസന, കുടിവെള്ള പ്രശ്‌നങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

തൃപ്പൂണിത്തുറ

ഇരു മുന്നണികളെയും മാറി മാറി തുണച്ച മണ്ഡലം. നാല് തവണയായി യുഡിഎഫിനൊപ്പം. കോണ്‍ഗ്രസിലെ കെ.ബാബുവും സിപിഎമ്മിലെ ടി.കെ. രാമകൃഷ്ണന്‍ നാലു തവണ വീതം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ അഞ്ചു പ്രാവശ്യവും നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒരു തവണയും വിജയിപ്പിച്ചു. ടി.കെ.രാമകൃഷ്ണനും സിപിഎമ്മിലെ തന്നെ വി. വിശ്വനാഥമേനോനും മന്ത്രിമാരായി. പാള്‍. പി . മാണി , ടി.കെ രാമകൃഷ്ണന്‍, കെ.ജി.ആര്‍ കര്‍ത്ത എന്നിവര്‍ മന്ത്രിമാരായി.

തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം, മരട് , ഉദയംപേരൂര്‍ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 13 മുതല്‍ 20 വരെ വാര്‍ഡുകള്‍ അടങ്ങുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതില്‍ മരട് , കുമ്പളം പഞ്ചായത്തുകള്‍ പഴയ പള്ളുരുത്തി മണ്ഡലത്തില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. മണ്ഡലപരിധിയില്‍ പ്പെടുന്ന കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അധികാരമാണുള്ളത്. മരട് , കുമ്പളം പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭരണമുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായിരുന്നു മേല്‍ക്കൈ.

കുടിവെള്ള പ്രശ്‌നം, കൊച്ചി-മധുര ദേശീയ പാതയിലെ ബൈപ്പാസ്, ഇടക്കൊച്ചിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം, മാത്തൂര്‍ റെയില്‍വേ ഗേറ്റ് മേല്‍പ്പാല നിര്‍മ്മാണം എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നായര്‍, ധീവര സമുദായങ്ങള്‍ നിര്‍ണ്ണായകമാണ്.

കുന്നത്തുനാട്

ഇരുമുന്നണികളുടെയും ശക്തികേന്ദ്രം. ഇടതുമുന്നണി ആറു തവണയും യു.ഡി.എഫ് അഞ്ചു തവണയും വിജയിച്ചു. കോണ്‍ഗ്രസിലെ ടി.എച്ച്. മുസ്തഫ നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.കെ.കൃഷ്ണന്‍ , ടി.എച്ച്. മുസ്തഫ എന്നിവര്‍ മന്ത്രിമാരായി. ഇത്തവണ ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമാണ്. അതിര്‍ത്തി നിര്‍ണയം യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. മഴുവന്നൂര്‍, വടവുകോട് , ഐക്കരനാട്, പൂതൃക്ക, തിരുവാണിയൂര്‍, കിഴക്കമ്പലം, വാഴക്കുളം, കുന്നത്തുനാട് തുടങ്ങിയ എട്ട് പഞ്ചായത്തുകളാണുള്ളത്. ഇതില്‍ മഴുവന്നൂര്‍ ഒഴികെ എല്ലാ പഞ്ചായത്തുകളുടെയും ഭരണം യു.ഡി.എഫിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇന്‍ഫോപാര്‍ക്ക്, ശ്രീമൂലനഗരം പാലം, പരവന്‍കടവ് പാലം തുടങ്ങിയവയാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങള്‍.

പെരുമ്പാവൂര്‍

ഇരുമുന്നണികളെയും മാറി മാറി തുണച്ച മണ്ഡലം. ഇടതുമുന്നണി ഏഴു തവണയും യു.ഡിഎഫിന് ആറു തവണയും ജയിച്ചു. പി ഗോവിന്ദപ്പിള്ള മൂന്ന് തവണയും പി.പി. തങ്കച്ചന്‍ നാല് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പി.പി. തങ്കച്ചന്‍ മന്ത്രിയും സ്​പീക്കറുമായി. മണ്ഡലത്തിന് പുനര്‍നിര്‍ണയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പെരുമ്പാവൂര്‍ നഗരസഭയും അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, വെങ്ങോല, വേങ്ങൂര്‍, രായമംഗലം പഞ്ചായത്തുകളും ചേരുന്നതാണ് മണ്ഡലം. ഇതില്‍ അശമന്നൂര്‍ പഞ്ചായത്ത് മാത്രമാണ് ഇടതുപക്ഷം ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. വികസനപ്രവര്‍ത്തനങ്ങള്‍, ട്രാവന്‍കൂര്‍ റയോണ്‍സ് ഏറ്റെടുക്കല്‍, കോടനാട്-മലയാറ്റൂര്‍ പാലം, പെരുമ്പാവൂര്‍ മിനിസ്റ്റേഷന്‍ അഭയാരണ്യം മൃഗോദ്യാനം, കുന്നക്കാട്ടുമലയിലെ കുടിവെള്ള പദ്ധതി, കുന്നിടിക്കല്‍, വയല്‍ നികത്തല്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. മുസ്ലീം സമുദായത്തിന് മേല്‍കൈയുള്ള മണ്ഡലമാണ്

ആലുവ

കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്നു. കാലിടറിയത് കഴിഞ്ഞ തവണ മാത്രം. കെ. മുഹമ്മദാലി ആറു തവണ ജയിച്ചു. മുഹമ്മദാലിയെ തോല്‍പിച്ച സിപിഎമ്മിലെ എ.എം യൂസഫാണ് ആദ്യമായി ഇടതു കൊടി പാറിച്ചത്. ടി.ഒ ബാവ രണ്ടു തവണ ജയിച്ചു. ടി.എച്ച് മുസ്തഫ മന്ത്രിയായി. ആലുവ നഗരസഭയും ചൂര്‍ണിക്കര, എടത്തല, കീഴ്മാട്, ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം തുടങ്ങിയ ഏഴ് പഞ്ചായത്തുകളുമാണുള്ളത്. നാലു പഞ്ചായത്തുകള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. ചെങ്ങമനാടും നെടുമ്പാശേരിയും പഴയ വടക്കേക്കര മണ്ഡലത്തില്‍ നിന്നും ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകള്‍ അങ്കമാലി മണ്ഡലത്തില്‍ നിന്നുമാണ് ആലുവയിലേക്ക് ചേര്‍ന്നത്. ആലുവ നഗരസഭയിലും മണ്ഡല പരിധിയില്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി. എഫിനു തന്നെയായിരുന്നു മേല്‍ക്കൈ. മാലിന്യസംസ്‌കരണം, മെട്രോ റെയില്‍, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസസനം, വിമാനത്താവള വികസനം, തീവ്രവാദ പ്രശ്‌നം, വ്യവസായവികസനം, ടൂറിസം എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

അങ്കമാലി

ഇരുമുന്നണികളും തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കിയതാണ് ചരിത്രം. 1967 മുതല്‍ 80 വരെ ഇടതുമുന്നണിയുടെ കുത്തകയായിരുന്നു. 82 ലും 87 ലും കേരളകോണ്‍ഗ്രസിനായിരുന്നു ജയം. സിപിഎമ്മിലെ എ.പി കുര്യന്‍ തുടര്‍ച്ചയായി നാല് തവണയും കോണ്‍ഗ്രസ്സിലെ പി.ജെ ജോയി മൂന്നു തവണയും കേരള കോണ്‍ഗ്രസ്സിലെ എം.വി മാണി രണ്ടു തവണയും ജയിച്ചു. ജോസ് തെറ്റയില്‍ മന്ത്രിയും എ.പി കുര്യന്‍ സ്​പീക്കറുമായി. അങ്കമാലി നഗരസഭ, പാറക്കടവ്, കറുകുറ്റി, മഞ്ഞപ്ര, മൂക്കന്നൂര്‍, കാലടി, അയ്യമ്പുഴ, മലയാറ്റൂര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇതില്‍ മഞ്ഞപ്ര പഞ്ചായത്തില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ഭരണമുള്ളത്. വടക്കേക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന പാറക്കടവ് പഞ്ചായത്താണ് അങ്കമാലിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്ത്യന്‍ സമുദായത്തിനാണ് മേല്‍ക്കൈയുള്ളത്. കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സ്, ജോയിന്റ് ആര്‍.ടി. ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, താലൂക്ക് ആസ്​പത്രി, 110 കെ.വി സബ്‌സ്റ്റേഷന്‍, കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, അഴിമതി ആരോപണങ്ങള്‍, ബൈപ്പാസ് വികസനം എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

പറവൂര്‍

ഇരുമുന്നണികള്‍ക്കുമൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ രണ്ടു തവണയായി കോണ്‍ഗ്രസിനൊപ്പമാണ്. കെ.ടി ജോര്‍ജ് മൂന്നു തവണയും സി.പി.ഐയിലെ പി.രാജു കോണ്‍ഗ്രസ്സിലെ എ.സി ജോസ്, വി.ഡി. സതീശന്‍ എന്നിവര്‍ രണ്ടു തവണ വീതവും തിരഞ്ഞെടുക്കപ്പെട്ടു. കെ.എ ദാമോദരമേനോന്‍, കെ.ടി ജോര്‍ജ് എന്നിവര്‍ മന്ത്രിമാരും എ.സി ജോസ് സ്​പീക്കറുമായി. ആലുവ മണ്ഡലത്തില്‍പ്പെട്ടിരുന്ന വരാപ്പുഴ പഞ്ചായത്തിനെയും പഴയ വടക്കേക്കര മണ്ഡലത്തിലുണ്ടായിരുന്ന പുത്തന്‍വേലിക്കര, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളെയും പറവൂരിലേയ്ക്ക് കൂട്ടിച്ചേര്‍ത്തു. ഇവയ്ക്ക് പുറമേ പറവൂര്‍ നഗരസഭയും ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. വടക്കേക്കര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലൊഴികെ ഭരണം യുഡിഎഫിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 5832 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചു. പരമ്പരാഗത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍, മുസിരിസ് പദ്ധതി എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

കളമശ്ശേരി

പുതിയ മണ്ഡലം. ആലുവയുടെ ഭാഗമായിരുന്ന ഏലൂരിലെ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. കളമശേരി, ഏലൂര്‍ നഗരസഭകളും കടുങ്ങല്ലൂര്‍, കരുമാലൂര്‍, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളും കളമശേരി മണ്‌ലത്തില്‍പ്പെടുന്നു. ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകള്‍ നേരത്തെ പറവൂര്‍ മണ്ഡലത്തിന്റെയും കുന്നുകര പഞ്ചായത്ത് പഴയ വടക്കേക്കര മണ്ഡലത്തിന്റെയും ഭാഗമായിരുന്നു. ആലങ്ങാട് ഒഴികെ മറ്റ് പഞ്ചായത്തുകളുടെയെല്ലാം ഭരണം യു.ഡിഎഫിനാണ്. കളമശേരി, ഏലൂര്‍ മുനിസിപ്പാലിറ്റികളും യുഡിഎഫ് ഭരിക്കുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയിരുന്നു. വ്യവസായങ്ങള്‍, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് പൂര്‍ത്തീകരണം എന്നിവയായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

തൃക്കാക്കര

തൃക്കാക്കര നഗരസഭയും കൊച്ചി നഗരസഭയിലെ 20 വാര്‍ഡുകളും ഉള്‍പ്പെടുത്തി പുതുതായി രൂപവത്കരിച്ച മണ്ഡലം. തൃപ്പൂണിത്തുറ, എറണാകുളം നിയോജകമണ്ഡലങ്ങളില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശങ്ങളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്നതാണ് പുതിയ മണ്ഡലം. തൃക്കാക്കര പഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കിയ ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ജയം. മണ്ഡലമുള്‍പ്പെടുന്ന നഗരസഭാ വാര്‍ഡുകളിലും മുന്‍തൂക്കം യുഡിഎഫിനു തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. ജില്ലാ ഭരണ കേന്ദ്രമായ കളക്ടറേറ്റ് , സ്മാര്‍ട്ട് സിറ്റി , ഇന്‍ഫോ പാര്‍ക്ക്, വൈറ്റില മൊബിലിറ്റി ഹബ്ബ് , സെസ് എന്നിവ ഉള്‍പ്പെടുന്ന മണ്ഡലം. അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം, ഗതാഗതകുരുക്ക് എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കാണ് മേല്‍ക്കൈ.

എറണാകുളം

കൂടുതല്‍ തവണയും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം. 13 തവണ യുഡിഎഫും രണ്ടുതവണ ഇടതുപക്ഷ സ്വതന്ത്രരും വിജയിച്ചു. എ.എല്‍ ജേക്കബ്ബ് 6 തവണയും അലക്‌സാണ്ടര്‍ പറമ്പിത്തറ, ജോര്‍ജ് ഈഡന്‍, കെ.വി തോമസ് എന്നിവര്‍ രണ്ടു തവണ വീതവും പ്രതിനിധീകരിച്ചു. എ.എല്‍ ജേക്കബ്. കെ.വി തോമസ് എന്നിവര്‍ മന്ത്രിമാരായി. പുനര്‍നിര്‍ണയത്തിനുശേഷം ഏറെ മാറ്റങ്ങളുണ്ടായി. ചേരാനെല്ലൂര്‍ പഞ്ചായത്തും പള്ളുരുത്തി മണ്ഡലത്തിന്റെ ഭാഗമായിരുന്ന തേവര, പെരുമാനൂര്‍, പ്രദേശങ്ങളുമാണ് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കൊച്ചി നഗരസഭയുടെ 29, 30 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന വില്ലിങ്ഡണ്‍ ഐലന്‍ഡിന്റെ ഒരു ഭാഗവും മണ്ഡലത്തില്‍ വരും. നഗരസഭാ വാര്‍ഡ് 29 മുതല്‍ 35 വരെയും 38 ാം വാര്‍ഡും 58 മുതല്‍ 74 വരെയുള്ളവയുമാണ് എറണാകുളം മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന കൊച്ചി നഗരസഭയുടെയും പുതുതായി ചേര്‍ക്കപ്പെട്ട ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെയും ഭരണം യു.ഡി.എഫിനാണ് . 2009 ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിലെ ഡൊമിനിക് പ്രസന്റേഷനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ലത്തീന്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുണ്ട്. മെട്രോ റെയില്‍ പദ്ധതി, റോഡ് വികസനം, കുടിവെള്ളക്ഷാമം തുടങ്ങിയവായിരിക്കും പ്രധാന വിഷയങ്ങള്‍.

കൊച്ചി

പുതിയതായി നിലവില്‍ വന്ന മണ്ഡലം. പഴയ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ് പുതിയ മണ്ഡലം. കൊച്ചി നഗരസഭയുടെ 1 മുതല്‍ 12 വരെയും 21 മുതല്‍ 28 വരെയുമുള്ള ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം, പഞ്ചായത്തുകളും കൊച്ചിയില്‍പ്പെടുന്നു. ഏറ്റവും ചെറിയ മണ്ഡലമായിരുന്ന മട്ടാഞ്ചേരി ഇല്ലാതായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരിയില്‍ യു.ഡി.എഫിനും പള്ളുരുത്തിയില്‍ എല്‍.ഡി.എഫിനുമായിരുന്നു ജയം. കൂടുതല്‍ തവണയും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് പള്ളുരുത്തി.

കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന തൊഴില്‍ തര്‍ക്കങ്ങളാകും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്. വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി, മേഖലകളിലെ ബോട്ട് യാത്രാക്ലേശം, ചെല്ലാനം മേഖലയിലെ മത്സ്യത്തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇരു മുന്നണികളും തെരഞ്ഞെടുപ്പ് വിഷയമാക്കും.

മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളല്‍, ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബര്‍, കുമ്പളങ്ങിയിലെ ടൂറിസം പദ്ധതികള്‍, പള്ളുരുത്തിയിലെ സബ്ട്രഷറി, വാക്ക്‌വേ എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

വൈപ്പിന്‍

പഴയ ഞാറയ്ക്കല്‍. അഞ്ചാം നിയമസഭ മുതല്‍ ഞാറയ്ക്കല്‍ സംവരണ മണ്ഡലമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നവര്‍ക്ക് വിജയം സമ്മാനിച്ച മണ്ഡലമാണ് ഞാറയ്ക്കല്‍. ആദ്യ രണ്ട് നിയമസഭകളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായിരുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സി. അബ്രഹാം മാസ്റ്റര്‍. പിന്നീട് എം.കെ. രാഘവന്‍, എം.കെ. കൃഷ്ണന്‍, പി.കെ. വേലായുധന്‍, കെ.കെ. മാധവന്‍, ഡോ. എം.എ. കുട്ടപ്പന്‍ തുടങ്ങിയ പ്രമുഖര്‍ വിജയിച്ചു.

ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന പഴയ ഞാറയ്ക്കലിന്റെ പ്രധാന ഭാഗങ്ങളെല്ലാം അടങ്ങുന്നതാണ് വൈപ്പിന്‍ മണ്ഡലം. എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളാണ് മണ്ഡലത്തിന്റെ പരിധിയില്‍ വരിക. മുളവുകാട് പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളെല്ലാം പഴയ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നതാണ്. എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും മാറ്റിയാണ് മുളവുകാടിനെ ഇക്കുറി വൈപ്പിന്റെ ഭാഗമാക്കിയത്. പള്ളിപ്പുറം, കടമക്കുടി, മുളവുകാട് പഞ്ചായത്തുകള്‍ ഇടതുമുന്നണിയും ബാക്കിയുള്ളവ യു.ഡി.എഫുമാണ് ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്നു. തീരദേശ ഹൈവേ, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ഇതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക്, ജലവിതരണ പദ്ധതി എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.