1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2023

സ്വന്തം ലേഖകൻ: നുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവരെ കുറിച്ചുള്ള കഥകള്‍ക്കും അത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള അഭേദ്യമായ ബന്ധം കഥകളിലൂടെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ജീവിച്ചിരുന്ന ഒരു നായയും അവന്റെ യജമാനനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജപ്പാനില്‍ തലമുറകളായി പ്രചരിക്കുന്ന ഒരു കഥയുണ്ട്.

അതാണ് ഹച്ചിക്കോയുടെയും ഹിഡെസാബുറോ യുനോയ്ക്കയുടെയും കഥ. 20ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹച്ചിക്കോയ്ക്കായി നിരവധി സ്മാരകങ്ങള്‍ ജപ്പാന്‍കാര്‍ നിര്‍മിക്കുകയും ഹച്ചിക്കോയുടെ കഥ ആസ്പദമാക്കി സിനിമ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ നായയായ ഹച്ചിക്കോയുടെ 100ാം ജന്മവാര്‍ഷികം ആചരിക്കുകയാണ് ജപ്പാന്‍.

1923ലാണ് ജപ്പാനിലെ ഒരു ഫാമില്‍ ഹച്ചിക്കോയുടെ ജനനം. അവിടെ നിന്നാണ് ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസറായ ഹിഡെസാബു യുനോ ഹച്ചിക്കോയെ ദത്തെടുക്കുന്നത്. തുടര്‍ന്നങ്ങോട്ട് മറ്റാര്‍ക്കും മനസിലാവാത്ത തരത്തില്‍ ഒരു ആത്മബന്ധം അവര്‍ക്കിടയില്‍ വളര്‍ന്നു. യുനോ ജോലിക്ക് പോകുമ്പോള്‍ എല്ലാ ദിവസവും ഹച്ചിക്കോ ഷിബുയ റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തിന് കൂട്ടുപോകും. ട്രെയിന്‍ തിരികെ വരുന്ന സമയത്തും ഹച്ചിക്കോ ഇതാവര്‍ത്തിക്കും. ക്രമേണ ഇത് നാട്ടില്‍ എല്ലാവര്‍ക്കും സ്ഥിര കാഴ്ചയായി മാറി. ഈ പതിവ് വര്‍ഷങ്ങളോളം തുടരുകയും ചെയ്തു.

അങ്ങനെ ഒരു ദിവസം മസ്തികഷ്‌ക മരണം സംഭവിച്ച് യുനോ ജോലി സ്ഥലത്ത് വച്ച് മരണപ്പെട്ടു. യുനോയുടെ പ്രിയപ്പെട്ട നായ ഹച്ചിക്കോ യജമാനന്റെ മരണവിവരം പക്ഷേ അറിഞ്ഞില്ല. എല്ലാ ദിവസവും അവന്‍ യുനോ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് റെയില്‍ വേ സ്റ്റേഷനില്‍ കാത്തിരുന്നു. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. യുനോ തിരികെ വന്നില്ല. പക്ഷേ ഹച്ചിക്കോ മാത്രം പതിവ് തെറ്റിച്ചില്ല.

നീണ്ട ഒന്‍പത് വര്‍ഷക്കാലമാണ് ഹച്ചിക്കോ റെയില്‍വേ സ്‌റ്റേഷനില്‍ യുനോയുടെ ട്രെയിന്‍ വരുന്നതും കാത്തിരുന്നത്. 1935 മാര്‍ച്ച് എട്ടിന് ഹച്ചിക്കോയെ ഒരു തെരുവില്‍ ചത്ത നിലയില്‍ കണ്ടെത്തി. ഇതിനിടെ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ നായയായി ഹച്ചിക്കോ പ്രസിദ്ധിനായി. അവന്റെ ജീവിതകഥയും യജമാനനോടുള്ള സ്‌നേഹവും തലമുറകളായി കൈമാറിവന്ന കഥയായി മാറി. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഹച്ചിക്കോയുടെ കഥ പാഠങ്ങളായി പറഞ്ഞുകൊടുത്തു.

ഹച്ചിക്കോയുടെ മരണശേഷം അവന്റെ മൃതശരീരം സ്റ്റഫ് ചെയ്തുസൂക്ഷിച്ചു അധികൃതര്‍. നിലവില്‍ ടോക്കിയോയിലെ നാഷണല്‍ മ്യൂസിയത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ടോക്കിയോയില്‍ തന്നെയുള്ള യുനോയുടെ ശവകുടീരത്തിന് സമീപം ഹച്ചിക്കോയുടെ സ്മാരകവും അധികൃതര്‍ സ്ഥാപിച്ചു.

ഹച്ചിക്കോയോടുള്ള ആദരസൂചകമായി ഷിബുയ റെയില്‍വേസ്റ്റേഷന് പുറത്ത് ഒരു വെങ്കല പ്രതിമയും സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ പ്രതിമ നശിപ്പിക്കപ്പെട്ടെങ്കിലും 1948ലെ യുദ്ധത്തിനൊടുവില്‍ അതേ സ്ഥലത്ത് പുതിയ പ്രതിമ സ്ഥാപിച്ചു. വിനോദസഞ്ചാരികളടക്കം നിരവധി പേരാണ് ഹച്ചിക്കോയുടെ പ്രതിമ കാണാന്‍ ഇവിടെ സ്ഥിരമായെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.