സ്വന്തം ലേഖകൻ: ജപ്പാന്‍ യാത്രക്കാര്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ എയർലൈൻസ്. ഇനി മുതല്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു വസ്ത്രങ്ങള്‍ വാടകയ്ക്ക് ലഭിക്കും. 2024 ഓഗസ്റ്റ് 31 വരെ ജപ്പാന്‍ എയര്‍ലൈന്‍സില്‍ ജനപ്രിയ ദ്വീപ് രാഷ്ട്രത്തിലേക്കു യാത്ര ചെയ്യുന്നവർക്കായി ‘എനി വെയർ, എനിവേർ’ സേവനം ലഭ്യമാകും. വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കുമെല്ലാം സ്വന്തം സൈസിലുള്ള വസ്ത്രങ്ങള്‍ ഇങ്ങനെ വാടകയ്ക്ക് എടുക്കാം.
ഫ്ലൈറ്റ് യാത്ര ആരംഭിക്കുന്നതിനു മുന്‍പ് വസ്ത്രങ്ങളുടെ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാം. ജപ്പാനില്‍ താമസിക്കാന്‍ എടുക്കുന്ന ഹോട്ടല്‍ മുറിയിലേക്കോ അല്ലെങ്കില്‍ അഡ്രസിലേക്കോ ഈ വസ്ത്രങ്ങള്‍ ഡെലിവര്‍ ചെയ്യും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോള്‍, മൂന്ന് ടോപ്പുകളും രണ്ട് പാന്‍റ്സും അടങ്ങുന്ന കാഷ്വൽ വസ്ത്രങ്ങളുടെ സെറ്റിന് 4,000 യെൻ (ഏകദേശം 100 ദിർഹം) മുതലാണ് വാടക ആരംഭിക്കുന്നത്.
വസ്ത്രം ലഭിക്കേണ്ടതിന് ഒരു മാസം മുമ്പ് Any Wear, Anywhere വെബ്‌സൈറ്റിൽ റിസർവേഷൻ നടത്തുക. ഇതിലുള്ള വിവിധതരം വസ്ത്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കാം. വാടകയ്ക്ക് എടുത്ത വസ്ത്രങ്ങള്‍ ഹോട്ടലിലേക്ക് എത്തിച്ചുതരും. രണ്ടാഴ്ച വരെ ഇവ ഉപയോഗിക്കാം. ഈ കാലയളവിനുള്ളിൽ അവ തിരികെ നൽകിയില്ലെങ്കില്‍ അധിക നിരക്കുകൾ ബാധകമായേക്കാം.
പുറപ്പെടുന്നതിനു മുൻപ്, ഈ വസ്ത്രങ്ങള്‍ മുന്‍പേ നല്‍കിയ വസ്ത്ര ബാഗിൽ പാക്ക് ചെയ്തു ഹോട്ടൽ റിസപ്ഷനിൽ ഏൽപ്പിക്കുക. ഇത് ഒരു പരിസ്ഥിതി സൗഹൃദ സംരംഭമാണെന്ന് എയര്‍ലൈന്‍സ് പറഞ്ഞു. ചരക്കുകളുടെ അളവ് കുറയ്ക്കുന്നതിലൂടെ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനവും കാര്‍ബണ്‍ ഡയോക്സൈഡും കുറയ്ക്കാൻ കഴിയും. മാത്രമല്ല, വാടകയ്ക്കു നല്‍കുമ്പോള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ വസ്ത്രങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല